അഗ്‌നി 3 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ദൂരപരിധി 3000 മുതല്‍ 3500 കിലോമീറ്റര്‍ വരെ
ഭുവനേശ്വര്‍: ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയിലുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി 3 വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നായിരുന്നു വിക്ഷേപണം. സ്ട്രാറ്റെജിക് ഫോഴ്‌സസ് കമാന്‍ഡിന് കീഴിലായിരുന്നു പരീക്ഷണം. മീഡിയം റേഞ്ച് മിസൈലായ അഗ്‌നി 3ന്റെ ദൂരപരിധി 3000 മുതല്‍ 3500 കിലോമീറ്റര്‍ വരേയാണ്. പരീക്ഷണത്തിലൂടെ മിസൈലിന്റെ പ്രവര്‍ത്തന, സാങ്കേതിക ഘടകങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആണവായുധങ്ങള്‍ വഹിക്കാനും മിസൈലിന് ശേഷിയുണ്ട്. ഭൂതലത്തില്‍ നിന്ന് മറ്റൊരു ഭൂതലം ലക്ഷ്യമാക്കിയാണ് അഗ്‌നി 3 വിക്ഷേപിക്കാന്‍ സാധിക്കുക. ഖര ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന രണ്ട് ഘട്ട പ്രൊപല്‍ഷന്‍ സവിശേഷതയാണ് അഗ്‌നി 3 മിസൈലിനുള്ളത്. സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം നടന്നത്. അഗ്‌നി സീരിസിലെ ഈ മിസൈല്‍ പ്രതിരോധ സേനക്ക് കൂടുതല്‍ കരുത്ത് പകരുന്നവയാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അഗ്‌നി-1: 700 കിലോമീറ്റര്‍, അഗ്‌നി-2: 2,000 കിലോമീറ്റര്‍, അഗ്‌നി-3: 3000 കിലോമീറ്റര്‍, അഗ്‌നി-4: 4,000 കിലോമീറ്റര്‍, അഗ്‌നി-5: 5000 കിലോമീറ്റര്‍ എന്നിങ്ങനെയാണ് അഗ്‌നി സീരീസുകള്‍. അഗ്‌നി, പൃഥ്വി, ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ് എന്നിവ ചേരുന്നതോടെ 30 കിലോമീറ്റര്‍ മുതല്‍ 5000 കിലോമീറ്റര്‍ വരേയുള്ള ലക്ഷ്യസ്ഥാനങ്ങള്‍ നേരിടാന്‍ ഇന്ത്യക്ക് സാധിക്കും.