ഇന്ത്യയുടെ പരമാധികാരത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും; സൈന്യത്തെ അഭിനന്ദിച്ച് പ്രതിരോധമന്ത്രി

Update: 2025-05-08 11:20 GMT

ന്യൂഡല്‍ഹി: പാകിസ്താന്റെ ആക്രമണ ശ്രമങ്ങളെ ഇല്ലാതാക്കിയ സൈന്യത്തെ അഭിനന്ദിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്. ഇന്ത്യയുടെ വടക്ക്പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ സൈനികതാവളങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ച പാകിസ്താന്റെ ലഹോറിലെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തെന്നാണ് ഇന്ത്യ അറിയിച്ചത്. ഒരു രാജ്യത്തിന്റെ സൈനിക ശേഷിയുടെ ഏറ്റവും പ്രധാന ഘടകമാണ് അതിന്റെ പ്രതിരോധ സംവിധാനം എന്നും രാജ്‌നാഥ് സിങ് പ്രതികരിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ തകര്‍ക്കാന്‍ പാകിസ്താന്‍ ശ്രമങ്ങള്‍ ഇനിയും ഉണ്ടായില്‍ ഓപറേഷന്‍ സിന്ദൂറിന് സമാനമായ നടപടികള്‍ ഇനിയും ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

അവാന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്‌സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ബതിന്‍ഡ, ഛണ്ഡീഗഡ്, നല്‍, ഫാലോഡി, ഉത്തര്‍ലായ്, ഭുജ് എന്നീ പ്രദേശങ്ങളെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കാന്‍ പാകിസ്താന്‍ ശ്രമിച്ചുവെന്നാണ് പ്രതിരോധമന്ത്രാലയം പറഞ്ഞത്. ഇവയെ ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് ഗ്രിഡ്, വ്യോമപ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് തിരിച്ചടിക്കുകയായിരുന്നു എന്നാണ് റിപോര്‍ട്ട്. അവയുടെ അവശിഷ്ടങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിന് പിന്നാലെയാണ് ലഹോറിലെ വ്യോമപ്രതിരോധ സംവിധാനത്തെ ആക്രമിച്ചത്.

Tags: