ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്ത്; രാജ്യത്ത് മുന്നില്‍ യുപി
ന്യൂഡല്‍ഹി: ലോകത്തിലെ രണ്ടാമത്തെ വലിയ ബീഫ് കയറ്റുമതി രാജ്യമായി ഇന്ത്യ. ബീഫ് കയറ്റുമതിയിലൂടെ ഇന്ത്യ പ്രതിവര്‍ഷം ഏകദേശം 380 കോടി ഡോളര്‍ (ഏകദേശം 34,177 കോടി രൂപ)വരുമാനം ഉണ്ടാക്കുന്നുവെന്നാണ് കണക്ക്. തെക്കുകിഴക്കന്‍ ഏഷ്യയിലും മിഡില്‍ ഈസ്റ്റിലുമാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നുള്ള ബീഫ് വില്‍ക്കുന്നത്.
വിയറ്റ്‌നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള മാംസം കയറ്റുമതി ചെയ്യുന്നത്. അല്ലാനാസണ്‍സ്, ഫെയര്‍ എക്‌സ്‌പോര്‍ട്ട്‌സ് ഇന്ത്യ, അല്‍ ഫഹീം മീറ്റെക്‌സ് തുടങ്ങിയ കമ്പനികളാണ് ഈ രംഗത്ത് മുന്‍പന്തിയിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ബീഫ് കയറ്റുമതിയുടെ ഭൂരിഭാഗവും എരുമയിറച്ചിയാണ്.
രാജ്യത്തെ ബീഫ് കയറ്റുമതിയുടെ 60 ശതമാനവും ഉത്തര്‍പ്രദേശില്‍ നിന്നാണ്. പശു സംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്ന, ബിജെപി ഭരിക്കുന്ന യുപി പ്രതിവര്‍ഷം ശതകോടികളാണ് ബീഫ് കയറ്റുമതിയിലൂടെ സമ്പാദിക്കുന്നത്. മഹാരാഷ്ട്ര, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവയാണ് മറ്റ് പ്രധാന സംസ്ഥാനങ്ങള്‍.
ഒരു വശത്ത് ബീഫ് കയറ്റുമതി ബില്യണ്‍ ഡോളര്‍ ബിസിനസായി കൊണ്ടുപോകുമ്പോള്‍ മറുവശത്ത്, പശു സംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്നത് തുടരുന്നു എന്നത് വലിയൊരു വൈരുദ്ധ്യമായി നിലനില്‍ക്കുന്നുണ്ട്. ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും മുസ് ലിങ്ങളും ദലിതരുമാണ്. അന്താരാഷ്ട്ര വിപണിയില്‍ ബീഫ് കയറ്റുമതിയിലൂടെ വലിയ സാമ്പത്തിക നേട്ടം കൊയ്യുമ്പോഴും, രാജ്യത്തിനകത്ത് പൗരന്മാര്‍ എന്ത് കഴിക്കണം എന്ന് നിശ്ചയിക്കാന്‍ അക്രമികൂട്ടങ്ങളെ അഴിച്ചു വിടുന്ന ബിജെപി സംഘപരിവാര്‍ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടുണ്ടെന്ന വസ്തുതയാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
