'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചു': രാജ്യാന്തര സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്ന അവകാശവാദവുമായി ചൈന
ബീജിങ്: ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മദ്ധ്യസ്ഥത വഹിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി ചൈന. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ആണ് ഈ അവകാശവാദം ഉന്നയിച്ചത്. ബീജിംഗില്‍ നടന്ന രാജ്യാന്തര പരിപാടിയിലാണ് പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ പാക് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചത് തങ്ങളാണെന്ന് വാംഗ് യി പറഞ്ഞത്.
ലോകത്താകമാനം സംഘര്‍ഷങ്ങളും അസ്ഥിരതയും വര്‍ദ്ധിച്ചുവരികയാണെന്നും ഇന്ത്യ - പാക് സംഘര്‍ഷം, വടക്കന്‍ മ്യാന്‍മാര്‍, ഇറാനിലെ ആണവ പ്രശ്നം, ഫലസ്തീനും ഇസ്രയേലും തമ്മിലുള്ള പ്രശ്നം, കംബോഡിയ - തായ്ലന്‍ഡ് സംഘര്‍ഷം തുടങ്ങിയ രാജ്യാന്തര സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ചൈന വസ്തുനിഷ്ഠവും നീതിയുക്തവുമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സമാധാനം കെട്ടിപ്പടുക്കാന്‍ ചൈന ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനായി പ്രശ്നങ്ങളുടെ ലക്ഷണങ്ങളിലും മൂലകാരണങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചെന്നും വാംഗ് യി പറഞ്ഞു. ഇന്ത്യ - പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ മുന്‍കൈയെടുത്തുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തേ അവകാശവാദം ഉന്നയിച്ചിരുന്നു.