ഹോങ്കോങിലും സിംഗപ്പൂരിലും കോവിഡ്-19 കേസുകളില്‍ വര്‍ധന; അവലോകനയോഗം ചേര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ പൊതുജനാരോഗ്യ സ്ഥിതി വിലയിരുത്തുന്നതിനായി അവലോകനയോഗം ചേര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൈന, തായ്ലന്‍ഡ് എന്നിവയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കേസുകളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം.
മെയ് 19 ലെ കണക്കനുസരിച്ച്, ഇന്ത്യയില്‍ സജീവമായ കൊവിഡ് കേസുകളുടെ എണ്ണം 257 ആണെന്നും, രാജ്യത്തെ വലിയ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ കുറവാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയിലെ നിലവിലെ കോവിഡ്-19 സ്ഥിതി നിയന്ത്രണവിധേയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നതാണെന്നും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ട രോഗികളുടെ എണ്ണം കുറവാണെന്നും അവര്‍ വ്യക്തമാക്കി.
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, സിംഗപ്പൂരിലും ഹോങ്കോങ്ങിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ മിക്കവാറും നേരിയവയാണ്, അസാധാരണമായ തീവ്രതയോ മരണനിരക്കോ രേഖപ്പടുത്തിയിട്ടില്ലെന്നും എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോവിഡ്-19 ഉള്‍പ്പെടെയുള്ള ശ്വസന വൈറല്‍ രോഗങ്ങളുടെ നിരീക്ഷണത്തിനായി ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം , ഐസിഎംആര്‍ എന്നിവയിലൂടെ ശക്തമായ ഒരു സംവിധാനം തന്നെ രാജ്യത്ത് നിലവിലുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ (ഡിജിഎച്ച്എസ്) അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി), എമര്‍ജന്‍സി മെഡിക്കല്‍ റിലീഫ് (ഇഎംആര്‍) വിഭാഗം, ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെല്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു.
