ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചു. പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്നാണ് തീരുമാനം. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തതെന്നും പാകിസ്താനില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഇത് ബാധകമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വാണിജ്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള ഏക വ്യാപാര പാതയായ വാഗ-അട്ടാരി അതിര്‍ത്തി ഇതിനകം തന്നെ അടച്ചിരുന്നു. 1960-ല്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ച നിര്‍ണായക ജല പങ്കിടല്‍ കരാറായ സിന്ധു നദീജല ഉടമ്പടി ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
പാകിസ്താന്‍ പൗരന്മാരുടെ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കിയിരുന്നു. ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് ഇന്ത്യന്‍ മണ്ണ് വിട്ടുപോകാന്‍ സമയപരിധി നല്‍കുകയും ചെയ്തു. ഇതില്‍ മെഡിക്കല്‍ വിസകളും ഉള്‍പ്പെടുന്നു. അതേസമയം, സിംല കരാര്‍ ഉള്‍പ്പെടെ ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് പാകിസ്താന്‍ ഭീഷണിപ്പെടുത്തിയിരുന്നു.