അഫ്ഗാനിസ്താന്റെ പരമാധികാരത്തില്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യ

Update: 2025-10-10 10:43 GMT

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ കാബൂളിലുള്ള ഇന്ത്യയുടെ ടെക്‌നിക്കല്‍ മിഷന്‍ എംബസി ആയി ഉയര്‍ത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയിലെത്തിയ അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് എസ് ജയശങ്കറിന്റെ പ്രഖ്യാപനം. കാബൂളിലെ ഇന്ത്യയുടെ ടെക്‌നിക്കല്‍ മിഷനെ ഇന്ത്യന്‍ എംബസി പദവിയിലേക്ക് ഉയര്‍ത്തുന്നതായി പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എസ് ജയശങ്കര്‍ പറഞ്ഞു.

അഫ്ഗാനിസ്താനില്‍ ഖനനം നടത്താനായി ഇന്ത്യന്‍ കമ്പനികളെ ക്ഷണിച്ച താലിബാന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനും കേന്ദ്ര വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു. രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി. അഫ്ഗാനിസ്താന്റെ പരമാധികാരം, പ്രദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവയില്‍ ഇന്ത്യ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ജയശങ്കര്‍ അറിയിച്ചു.

Tags: