ന്യൂഡല്‍ഹി: വെനസ്വേലക്കു നേരെയുള്ള അമേരിക്കന്‍ ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം. വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷക്കും പിന്തുണ പ്രഖ്യാപിക്കുവെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
'വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യയുടെ പിന്തുണ വീണ്ടും ഉറപ്പാക്കുകയാണ്. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കിക്കൊണ്ട് സംഭാഷണത്തിലൂടെ സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. കാരക്കാസിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട് സാധ്യമായ എല്ലാ സഹായവും നല്‍കുന്നത് തുടരും,' ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വ്യോമാക്രമണം നടത്തി, തലസ്ഥാനമായ കരാക്കസില്‍നിന്ന് യുഎസ് സ്പെഷ്യല്‍ ഫോഴ്സ് പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്ളോര്‍സിനേയും തട്ടിക്കൊണ്ടുപോയിരുന്നു. മാസങ്ങള്‍നീണ്ട ഭീഷണികള്‍ക്കും സമ്മര്‍ദതന്ത്രങ്ങള്‍ക്കും ശേഷമാണ് യുഎസ് സൈന്യം, ഇടതുപക്ഷനേതാവായ വെനസ്വേലന്‍ പ്രസിഡന്റ് മഡുറോയെ രാജ്യത്ത് അതിക്രമിച്ചുകയറി പിടിച്ചുകൊണ്ടുപോയത്. അമേരിക്ക പിടികൂടിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യ സിലിയ ഫ്ളോറസിനേയും ന്യൂയോര്‍ക്കിലെത്തിച്ചു. ഇരുവരേയും അടുത്തയാഴ്ച മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപോര്‍ട്ടുകള്‍.
വെനസ്വേലയില്‍ ഭരണമാറ്റം സാധ്യമാകുന്നതുവരെ അമേരിക്ക വെനസ്വേലയുടെ ഭരണം ഏറ്റെടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വെനസ്വേലയുടെ എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കുമെന്നും വ്യവസായം പുനസ്ഥാപിക്കാന്‍ അമേരിക്കന്‍ കമ്പനികളെ നിയമിക്കുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, വെനസ്വേലക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടത് പാര്‍ട്ടികള്‍ ഡല്‍ഹി ജന്ദര്‍മന്തറില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സിപിഎം, സിപിഐ, ഫോര്‍വേഡ് ബ്ലോക്ക് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് പ്രതിഷേധിക്കുന്നത്. ജെഎന്‍യു അടക്കമുള്ള ഡല്‍ഹിയിലെ വിവിധ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധത്തിനൊപ്പമുണ്ട്. ട്രംപിനും അമേരിക്കക്കുമെതിരേ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.

