ന്യൂയോര്‍ക്ക്: പത്ത് വര്‍ഷത്തെ പ്രതിരോധ കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും അമേരിക്കയും. ക്വാലാലംപൂരില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായി നടന്ന കൂടിക്കാഴ്ചയിലാണ് കരാറില്‍ ഒപ്പുവച്ചത്. നേരത്തെ ക്വാലാലംപൂരില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് രാജ്നാഥ് സിങും പീറ്റ് ഹെഗ്സെത്തയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
അമേരിക്കയുടെ പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്സെത്താണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനം, വിവരങ്ങള്‍ പങ്കുവെയ്ക്കല്‍, സാങ്കേതിക സഹകരണം എന്നിവ വര്‍ധിപ്പിക്കും എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ധാരണയായത്.ഇന്ത്യയ്ക്കുമേലുള്ള ഇറക്കുമതി തീരുവ അമേരിക്ക 50 ശതമാനത്തില്‍ നിന്നും 15 ശതമാനമായി കുറച്ചേക്കുമെന്നാണ് സൂചനകള്‍.
നേരത്തെ ഇന്ത്യയുമായി വ്യാപാരകരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശദീകരിച്ചിരുന്നു. ദക്ഷിണ കൊറിയയില്‍ ആപെക് സി ഇ ഒ-മാരുടെ യോഗത്തില്‍ സംസാരിക്കവെയാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍. മോദിയോട് തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും ട്രംപ് പറഞ്ഞിരുന്നു.