ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026; അസൗകര്യങ്ങളില്‍ ക്ഷമാപണം നടത്തി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ നടക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026'-ന്റെ ആദ്യദിനത്തിലുണ്ടായ അസൗകര്യങ്ങളില്‍ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ക്ഷമാപണം നടത്തി. തിങ്കളാഴ്ച ഉച്ചകോടി ആരംഭിച്ചപ്പോള്‍ ഉണ്ടായ അമിതമായ ജനത്തിരക്കിനെയും ക്രമീകരണങ്ങളിലെ പോരായ്മകളെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് മന്ത്രിയുടെ വിശദീകരണം.
ലോകത്തിലെ ഏറ്റവും വലിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംഗമങ്ങളിലൊന്നായി വിഭാവനം ചെയ്ത ഉച്ചകോടിയില്‍ പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.
സന്ദര്‍ശകര്‍ക്കും പ്രതിനിധികള്‍ക്കും സുഗമമായ അനുഭവം ഉറപ്പാക്കുന്നതിനായി നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.