സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വര്‍ധന

Update: 2025-11-26 09:28 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വര്‍ധനവ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതും മഴക്കെടുതിയും കൃഷിനാശവുമാണ് വിലക്കയറ്റത്തിനു കാരണം. കേരളത്തില്‍ തക്കാളിയുടെ വില ഉയരുകയാണ്. ഒരാഴ്ചയ്ക്കിടെ പലപ്പോഴായി പത്തും പതിനഞ്ചും വീതം വര്‍ധിച്ച് ഹൈബ്രിഡ് തക്കാളിക്ക് കിലോയ്ക്ക് എണ്‍പതു രൂപ വരെയായി. ചിലയിടങ്ങളില്‍ എഴുപത് രൂപയ്ക്കാണ് ചില്ലറ വില്‍പ്പന.

മുരിങ്ങയ്ക്ക കിലോ 400രൂപ കടന്നു. കോഴിക്കോട് മൊത്തവില നാനൂറും, പാലക്കാട് 380 ആണ്. എന്നാല്‍ കൊല്ലത്ത് ചിലയിടങ്ങളില്‍ 200, 250 രൂപയ്ക്ക് മുരിങ്ങയ്ക്ക കിട്ടും. ഡിസംബര്‍ അവസാനം വരെ വില വര്‍ധന തുടരാനാണ് സാധ്യത. എല്ലാ വര്‍ഷവും ഈ സീസണില്‍ വില ഉയരാറുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. അതേസമയം അഞ്ഞൂറു രൂപ വരെ വിലയുണ്ടായിരുന്ന വെളുത്തുളളി കിലോയ്ക്ക് നൂറ്റമ്പതായി കുറഞ്ഞു. ഉരുളക്കിഴങ്ങ് ഗ്രേഡ് അനുസരിച്ച് 25 മുതല്‍ അന്‍പതു വരെയാണ് വില. സവാള കിലോയ്ക്ക് ഇരുപതു രൂപയാണ് മൊത്തവില.