'രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ നടന്നിട്ടില്ലാത്ത സംഭവം'; കരൂരിലെത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

വിജയിയുടെ പ്രചാരണ റാലിക്കിടെ 39 പേര്‍ മരിച്ചു

Update: 2025-09-28 04:56 GMT

കരൂര്‍: തമിഴ്നാട് കരൂരില്‍ തമിഴക വെട്രിക്കഴകം നേതാവ് വിജയിയുടെ പ്രചാരണ റാലിക്കിടെയുണ്ടായ തിക്കിലുംതിരക്കിലും പെട്ട് മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പുലര്‍ച്ചെ മൂന്നുമണിക്ക് എത്തി.

ഇവിടെ നടന്ന ഭയാനകമായ കാര്യം വിശദീകരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. നടുക്കുന്ന ഈ വാര്‍ത്ത കേട്ടയുടനെ അടുത്തുള്ള എല്ലാ ജനപ്രതിനിധികളോടും കരൂരെത്താന്‍ നിര്‍ദേശിച്ചിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ റാലിക്കിടെ തമിഴ്നാടുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. 51 പേരാണ് ഐസിയുവില്‍ ചികില്‍സയിലുള്ളത്. 39 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.

39 പേര്‍ മരിച്ചു, അതില്‍ 17 പേര്‍ സ്ത്രീകളും, 4 ആണ്‍കുട്ടികളും 5 പെണ്‍കുട്ടികളും മരണപ്പെട്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു. മരിച്ചവരില്‍ ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും ഉണ്ടെന്നാണ് വിവരം. ഇതില്‍ 38 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചവരില്‍ ഭൂരിഭാഗവും കരൂര്‍ സ്വദേശികളാണ്. ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. ഹേമലത, മക്കളായ സായ് കൃഷ്ണ, സായ് ജീവ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന 40 പേരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപ വീതവും നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Tags: