പ്രസവത്തിനു പിന്നാലെ യുവതി മരണപ്പെട്ട സംഭവം; കേസെടുത്ത് പോലിസ്
ശിവപ്രിയയുടെ മരണത്തില്‍ എസ്എടി ആശുപത്രിയിലെ അധികൃതരുടെ മൊഴി രേഖപ്പെടുത്തും
തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പോലിസ്. മരിച്ച ശിവപ്രിയയുടെ സഹോദരന്‍ ശിവപ്രസാദിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലിസാണ് കേസെടുത്തത്. എസ്എടി ആശുപത്രിയിലെ അധികൃതരുടെയടക്കം മൊഴി പോലിസ് രേഖപ്പെടുത്തും.
കരിക്കകം സ്വദേശിനിയായ 26കാരിയുടെ മരണം എസ്എടി ആശുപത്രിയിലുണ്ടായ ചികില്‍സാ പിഴവിനെ തുടര്‍ന്നാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ മാസം 22നായിരുന്നു എസ്എടി ആശുപത്രിയില്‍ ശിവപ്രിയയുടെ പ്രസവം. പ്രസവശേഷം വീട്ടിലെത്തിയ യുവതിക്ക് മൂന്നു ദിവസത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എസ്എടിയില്‍ വീണ്ടും അഡ്മിറ്റ് ചെയ്തു. എന്നാല്‍ ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു.
പ്രസവത്തിനുശേഷം ഡോക്ടര്‍ സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയാണെന്നും ആശുപത്രിയില്‍ നിന്നും ശിവപ്രിയയ്ക്ക് അണുബാധ ബാധിച്ചിരുന്നുവെന്നും ഭര്‍ത്താവ് മനു പറഞ്ഞിരുന്നു. പിന്നാലെയാണ് യുവതിക്ക് പനി വന്നതെന്നും കുടുംബം ആരോപിച്ചിരുന്നു. ശിവപ്രിയക്ക് എല്ലാ ചികില്‍സയും നല്‍കിയെന്നാണ് എസ്എടി ആശുപത്രിയുടെ വിശദീകരണം.
എന്നാല്‍ ഡിസ്ചാര്‍ജ് ആകുന്ന സമയത്ത് യുവതിക്ക് പനിയുള്ളകാര്യം റിപോര്‍ട്ടു ചെയ്തിരുന്നില്ലെന്നും ലേബര്‍ റൂമില്‍നിന്ന് ഒരു അണുബാധയും ഉണ്ടാകില്ലെന്നുമാണ് എസ്എടി സൂപ്രണ്ട് ബിന്ദു പ്രതികരിച്ചത്. വിഷയത്തില്‍ റിപോര്‍ട്ടു തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തിയിരുന്നു. ആശുപത്രിക്കെതിരേയുള്ള ബന്ധുക്കളുടെ പരാതിയില്‍ പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ടു ദിവസത്തിനകം റിപോര്‍ട്ടു സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. എസ്എടി ആശുപത്രിക്കു മുന്നില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു.
