പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; വിദഗ്ധ സമിതി റിപോര്‍ട്ട് തള്ളി കുടുംബം, മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും

Update: 2025-11-15 02:38 GMT

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് എസ്എടി ആശുപത്രിയില്‍ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്ക് പിഴവില്ലെന്ന വിദഗ്ധ സമിതി കണ്ടെത്തല്‍ അംഗീകരിക്കാതെ കുടുംബം. നീതി ലഭിച്ചില്ലെന്നാരോപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ശിവപ്രിയയുടെ കുടുംബം. എസ്എടി ആശുപത്രിയില്‍ നിന്നു തന്നെയാണ് അണുബാധയുണ്ടായതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യുവതിയുടെ ബന്ധുക്കള്‍. എന്നാല്‍ ഈ വാദങ്ങളെല്ലാം പൂര്‍ണ്ണമായും തള്ളുന്നതാണ് വിദഗ്ധസമിതി റിപോര്‍ട്ട്. ആശുപത്രി എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും അണുബാധക്കു കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയെണെന്നുമുള്ള കണ്ടെത്തലുമുണ്ട്. റിപോര്‍ട്ട് ഉടന്‍തന്നെ ഡിഎംഇ സര്‍ക്കാറിനു കൈമാറും.

ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടര്‍ സംഗീതയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോക്ടര്‍ ലത, സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ സജീവ് കുമാര്‍, കോട്ടയം മെഡിക്കല്‍ കോളജിലെ ഇന്‍ഫെഷ്യസ് ഡിസീസസ് വിഭാഗം മേധാവി ജൂബി ജോണ്‍ എന്നിവര്‍ സമിതിയിലെ മറ്റ് അംഗങ്ങളായിരുന്നു. വിദഗ്ധസമിതി ബന്ധുക്കളുടെയും ഡോക്ടര്‍മാരുടെയും മൊഴി നേരെത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ മാസം 22നായിരുന്നു എസ്എടി ആശുപത്രിയില്‍ ശിവപ്രിയയുടെ പ്രസവം. പിന്നീട് പനി ബാധിച്ച ശിവപ്രിയയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികില്‍സയിലിരിക്കെയാണ് കഴിഞ്ഞ ഞായറാഴ്ച ശിവപ്രിയയുടെ മരണം. ശിവപ്രിയക്ക് എല്ലാ ചികില്‍സയും നല്‍കിയെന്നാണ് എസ്എടി ആശുപത്രിയുടെ വിശദീകരണം.