തലശ്ശേരിയില്‍ കെട്ടിടത്തില്‍ അസ്ഥിക്കൂടം കണ്ടെത്തിയ സംഭവം; തമിഴ്നാട് സ്വദേശിയായ പെരിയ സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി

മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു

Update: 2025-11-30 07:14 GMT

തലശ്ശേരി: തലശ്ശേരി നഗരത്തിലെ പണിപൂര്‍ത്തിയാവാത്ത കെട്ടിടത്തില്‍ സ്ത്രീയുടെ അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ പെരിയ സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ കാണാതായ തമിഴ്നാട് സ്വദേശിനി ധനകോടി(73)യുടെ അസ്ഥിയാണെന്ന സംശയത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ധനകോടിയുടെ ഭര്‍ത്താവ് അമ്പായിരത്തെ(77)പോലിസ് ചോദ്യം ചെയ്യ്തു. അതിനിടെ മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മനസ്സിലായിട്ടുണ്ട്. മദ്യലഹരിയില്‍ ഭാര്യയെ മര്‍ദ്ദിച്ചു കുഴിയില്‍ തള്ളിയിട്ടെന്നും ശേഷം കല്ലെടുത്ത് ഇട്ടെന്നുമാണ് പ്രതി അമ്പായിരത്തിന്റെ മൊഴി. അസ്ഥികൂടം തമിഴ്നാട് സ്വദേശിനി ധനകോടിയുടേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. പോലിസ് ഇവരുടെ മക്കളുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

അമ്പായിരവും ധനകോടിയും ആക്രിവില്പനക്കാരാണ്. 30 വര്‍ഷമായി ഇവര്‍ കേരളത്തിലാണ്. പലയിടത്തായി താമസിച്ചിരുന്ന ഇവര്‍ അടുത്തകാലത്തായി പഴയങ്ങാടി പ്രതിഭാ ടാക്കീസിന് സമീപത്തായിരുന്നു താമസം. ധനകോടിയെ ആറു മാസമായി കാണാനില്ലായിരുന്നു. തമിഴ്നാട്ടിലുള്ള മക്കള്‍ അമ്മയെക്കുറിച്ച് തിരക്കുമ്പോള്‍ നാട്ടില്‍ പോയെന്നായിരുന്നു അമ്പായിരത്തിന്റെ മറുപടി. എന്നാല്‍ മക്കള്‍ നാട്ടില്‍ അന്വേഷിച്ചെങ്കിലും അവിടെയെത്തിയില്ലെന്ന വിവരം ലഭിച്ചു. മക്കള്‍ വീണ്ടും അമ്പായിരത്തോട് ധനകോടിയെ കുറിച്ച് ചോദിച്ചു. ഇതോടെ അമ്പായിരം മക്കളോടും ബന്ധുക്കളോടും തലശ്ശേരിയിലേക്കു വരാന്‍ ആവശ്യപ്പെട്ടു. ഇവരെത്തിയപ്പോള്‍ അമ്പായിരം അസ്ഥികൂടമുണ്ടായിരുന്ന സ്ഥലം കാണിച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് മക്കള്‍ പോലിസില്‍ വിവരമറിയിക്കുകയുമായിരുന്നു.

വെള്ളിയാഴ്ച വൈകീട്ടാണ് ജൂബിലി റോഡ് കാന്തലാട്ട് പള്ളിക്കു സമീപത്തെ പണി തീരാത്ത പഴയ കെട്ടിടത്തിന്റെ ലിഫ്റ്റ് കുഴിയില്‍നിന്ന് തലയോട്ടി കണ്ടെത്തിയത്. തുടര്‍ന്ന് ശനിയാഴ്ച ഉന്നത ഉദ്യോഗസ്ഥരും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മുഴുവന്‍ അസ്ഥിഭാഗങ്ങളും കണ്ടെടുത്തു. ആറുമാസത്തോളം പഴക്കമുള്ള അസ്ഥികളാണ് ഇതെന്ന് സംശയിക്കുന്നു. ധനകോടി ഉപയോഗിച്ചിരുന്ന സാരിയുടെ അവശിഷ്ടവും ചെരുപ്പും സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. ഇത് അമ്മയുടെതാണെന്ന് മക്കള്‍ സ്ഥിരീകരിച്ചു.