ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദിച്ച സംഭവം; ബാര്‍ കൗണ്‍സില്‍ അടിയന്തരയോഗം ഇന്ന് ചേരും
തിരുവനന്തപുരം: ബാര്‍ കൗണ്‍സില്‍ അടിയന്തരയോഗം ഇന്ന് ചേരും. ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട വിഷങ്ങളെ തുടര്‍ന്നാണ് സംഭവം. സംഭവത്തില്‍ ബാര്‍ കൗണ്‍സില്‍ തിരുവനന്തപുരം ബാര്‍ അസോസിയേഷനോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്. യോഗത്തില്‍ അഭിഭാഷകനെതിരായ അച്ചടക്ക നടപടിചര്‍ച്ചയാകുമെന്നാണ് വിലയിരുത്തല്‍.
വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെയാണ് സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് മോപ് സ്റ്റിക് കൊണ്ട് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് അഡ്വ. ബെയ്‌ലിന്‍ മോപ് സ്റ്റിക് കൊണ്ട് തന്നെ മര്‍ദ്ദിച്ചതെന്നായിരുന്നു അഭിഭാഷക ശ്യാമിലിയുടെ ആരോപണം.
ശ്യാമിലിയും അഭിഭാഷകനും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സീനിയര്‍ അഭിഭാഷകന്‍ മര്‍ദിച്ചതെന്നാണ് വിവരം. അടിയേറ്റ് താന്‍ ആദ്യം താഴെ വീണുവെന്നും അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചുവെന്നും ശ്യാമിലി പറഞ്ഞു. കണ്ടുനിന്നവരാരും എതിര്‍ത്തില്ലെന്നും പരാതിക്കാരി പറഞ്ഞു.അതേസമയം അഭിഭാഷകനില്‍ നിന്ന് ഇതിന് മുന്‍പും മര്‍ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ശ്യാമിലി പറഞ്ഞു. മറ്റുള്ള സ്റ്റാഫിനോടും ഈ അഭിഭാഷകന്‍ അപമര്യാദയായി പെരുമാറുന്നതായി പരാതി ഉയര്‍ന്നിരുന്നു. അഭിഭാഷകനെ ഓഫീസിനകത്ത് കയറി അറസ്റ്റ് ചെയ്യാന്‍ അഭിഭാഷക സംഘടന പോലിസിനെ അനുവദിച്ചില്ലെന്നും ശ്യാമിലി ആരോപിച്ചിരുന്നു.
