ഔദ്യോഗിക വസതിയില്‍ പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയുടെ ഹരജി സുപ്രിംകോടതി തള്ളി

Update: 2025-08-07 08:53 GMT

ന്യൂഡല്‍ഹി: ആഭ്യന്തര അന്വേഷണ റിപോര്‍ട്ടിനെ ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഇന്‍-ഹൗസ് കമ്മിറ്റിയുടെ രൂപീകരണവും അതിന്റെ അന്വേഷണ നടപടിക്രമങ്ങളും നിയമവിരുദ്ധമല്ലെന്നും മൗലിക അവകാശങ്ങളുടെ ലംഘനമില്ലെന്നും ജസ്റ്റിസുമാരായ ദീപങ്കര്‍ ദത്ത, എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.

അന്വേഷണം നടപടിക്രമപരമായി പിഴവുള്ളതാണെന്നും ഔപചാരിക പരാതിയില്ലാതെ അനുമാനപരമായ ചോദ്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും പറഞ്ഞാണ് ഇംപിച്ച്‌മെന്റ് നടപടിക്കെതിരേ യശ്വന്ത് വര്‍മ്മ ഹരജി സമര്‍പ്പിച്ചത്. കമ്മിറ്റി ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നെങ്കില്‍, അതിന്റെ രൂപീകരണത്തെ തുടക്കത്തില്‍ തന്നെ ജസ്റ്റിസ് വര്‍മ്മ എതിര്‍ക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് മുന്‍ വാദം കേള്‍ക്കലില്‍ ബെഞ്ച് ചോദിച്ചിരുന്നു.

റിപോര്‍ട്ട് രാഷ്ട്രപതിക്ക് കൈമാറുന്നതിനുമുമ്പ് തനിക്ക് വാദം കേള്‍ക്കാന്‍ അവസരം നല്‍കിയില്ലെന്ന ജഡ്ജിയുടെ വാദത്തില്‍, നടപടിക്രമം അനുസരിച്ച് അങ്ങനെ ചെയ്യേണ്ടത് നിര്‍ബന്ധമല്ലെന്ന് കോടതി പറഞ്ഞു.ഹരജിക്കാരന്റെ മൗലികാവകാശങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്നും കോടതി വാദിച്ചു.

കോടതി നടപടിക്രമങ്ങള്‍ക്ക് നിയമപരമായ പവിത്രതയുണ്ട്, ഭരണഘടനാ ചട്ടക്കൂടിന് പുറത്തുള്ള ഒരു സമാന്തര സംവിധാനമല്ല ഇതെന്നും കോടതി പറഞ്ഞു.അതേസമയം, വാദം ജസ്റ്റിസ് വര്‍മ്മയെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചത്, ഒരു ജഡ്ജിയെ നീക്കം ചെയ്യാന്‍ ശുപാര്‍ശ ചെയ്യാന്‍ ഇന്‍-ഹൗസ് കമ്മിറ്റിക്ക് അധികാരമില്ലെന്നും ചീഫ് ജസ്റ്റിസിനെ ഉപദേശിക്കുക മാത്രമാണ് അതിന്റെ പരിധിയെന്നും ആയിരുന്നു.അത്തരമൊരു നീക്കം ഭരണഘടനാ വിരുദ്ധമായ ഒരു സംവിധാനം സൃഷ്ടിക്കുമെന്ന് സിബല്‍ പറഞ്ഞു.

മാര്‍ച്ച് 14 ന് രാത്രി 11.35 ഓടെ ജസ്റ്റിസ് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയത്.

Tags: