ഒന്‍പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ചികില്‍സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

Update: 2026-01-15 06:29 GMT

പാലക്കാട്: ഒന്‍പത് വയസുകാരിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ ചികില്‍സാ പിഴവുണ്ടായെന്ന് ജില്ലാ ആശുപത്രി അധികൃതര്‍ സമ്മതിച്ചു. ചികില്‍സയില്‍ വീഴ്ച സംഭവിച്ചതായി ആശുപത്രി അധികൃതര്‍ കത്തില്‍ ഔദ്യോഗികമായി അംഗീകരിച്ചതാണ് പുറത്തുവന്നത്. സംഭവത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നിയോഗിച്ച വിദഗ്ധസംഘം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ കുടുംബത്തിന് ഹാജരാകാന്‍ നോട്ടിസ് നല്‍കി. ഇന്ന് കുടുംബാംഗങ്ങളുടെ മൊഴി സംഘം രേഖപ്പെടുത്തും.

സെപ്റ്റംബര്‍ 24നു സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് വിനോദിനിക്ക് കൈക്ക് പരിക്കേറ്റത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും കൈയില്‍ ശക്തമായ നീര്‍ക്കെട്ട് ഉണ്ടായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് കൈ മുറിച്ചുമാറ്റേണ്ട സാഹചര്യമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

സംഭവം സംസ്ഥാനത്ത് വ്യാപകമായ ആശങ്കക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനായി അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.

Tags: