കാര്യങ്ങൾ വ്യക്തമാകാൻ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യും: കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ
കോഴിക്കോട്: മെഡിക്കൽ കോളജിൽ ഇന്നലെ മരണപ്പെട്ടവരിൽ 4 പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സജിത്ത് കുമാർ. ഇന്നലെ മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ പുക വലിയ രീതിയിലുള്ള പരിഭ്രാന്തിക്കാണ് ഇട വച്ചത്. ഈ സമയത്ത് തന്നെ 5 മരണങ്ങൾ നടന്നു എന്ന റിപോർട്ടും പുറത്തു വന്നു. എന്നാൽ ഒരാളെ മരണപ്പെട്ടതിനു ശേഷം കൊണ്ടു വന്നതാണെന്നും മറ്റു നാലുപേർ ഗുരുതരമായ അസുഖം മൂലം മരിച്ചതാണെന്നും ആശുപത്രി അധികൃതർ പറഞ്ഞിരുന്നു.
എന്നാൽ സംഭവത്തിൽ ആശങ്കയുയർന്നതോടെ പുക ശ്വസിച്ചാണോ മരിച്ചത് എന്ന കാര്യത്തിൽ മരിച്ചവരുടെ ബന്ധുക്കളിൽ സംശയമുയർന്നു. നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും കൂടി രംഗത്തെത്തിയതോടെ ബന്ധുക്കളുമായി സംസാരിച്ച് പോസ്റ്റ്മോർട്ടം നടത്താനുള്ള തീരുമാനത്തിലാണ് ആശുപത്രി അധികൃതർ.