അശ്ലീല വിഡിയോ കേസുകളില്‍ ജഡ്ജി വീഡിയോയുടെ സ്വഭാവം സ്ഥിരീകരിക്കണം: ഹൈക്കോടതി

Update: 2025-08-28 06:05 GMT

കൊച്ചി: അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന കേസുകളില്‍ വീഡിയോകളുടെ സ്വഭാവം വിചാരണക്കോടതി ജഡ്ജിമാര്‍ നേരില്‍ സ്ഥിരീകരിക്കണമെന്ന് ഹൈക്കോടതി. വീഡിയോ അശ്ലീലമാണെന്ന പോലിസിന്റെ വാദം മാത്രം കോടതി പരിഗണിച്ചാല്‍ പോരെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. അശ്ലീല വീഡിയോ കാസറ്റുകള്‍ വിതരണം ചെയ്‌തെന്ന കേസിലെ കോട്ടയം സ്വദേശിയായ പ്രതിയെ വെറുതെവിട്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ വീഡിയോകള്‍ കാണാതെയാണ് വിചാരണക്കോടതി ആരോപണ വിധേയനെ തടവിന് ശിക്ഷിച്ചതെന്ന് ഹൈക്കോടതി വിശദീകരിച്ചു.

''ഐപിസി സെക്ഷന്‍ 292 പ്രകാരമുള്ള കേസില്‍ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയതായി ആരോപിക്കപ്പെടുന്ന ഒരു വീഡിയോ കാസറ്റ് ഹാജരാക്കുമ്പോള്‍, കോടതി ആ കാസറ്റ് കാണുകയും പരിശോധിക്കുകയും വേണം, അതില്‍ അശ്ലീല രംഗങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് സ്വയം ബോധ്യപ്പെടുത്തണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കോടതി/ജഡ്ജി വീഡിയോ കാസറ്റ് നേരിട്ട് കാണുകയും ഉള്ളടക്കത്തിലെ അശ്ലീലം സ്വയം ബോധ്യപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ ശിക്ഷിക്കാന്‍ വേണ്ട തെളിവില്ലെന്ന് പറയേണ്ടി വരും.''-കോടതി വ്യക്തമാക്കി.