'കുട്ടികളുണ്ടാകുന്നില്ല' 42കാരിയെ ജീവനോടെ കത്തിച്ച് ഭര്‍തൃവീട്ടുകാര്‍
തടയാനെത്തിയ പോലിസിനും മര്‍ദ്ദനം
ദീഗ്: കുട്ടികളില്ലാത്തതിന്റെ പേരില്‍ 42കാരിയെ ഭര്‍തൃവീട്ടുകാര്‍ ജീവനോടെ കത്തിച്ചു. വിവാഹം കഴിഞ്ഞ് 20 വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിന്റെ പേരില്‍ 42കാരിയായ സരള ദേവിയെയാണ് കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ ദീഗ് ജില്ലയിലാണ് സംഭവം.
കൊലപാതകം മറച്ചുവെക്കാന്‍ ഭര്‍തൃവീട്ടുകാര്‍ ശ്രമം നടത്തിയിരുന്നു. ഭര്‍തൃവീട്ടുകാര്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചു, വീട്ടിലെ തീപിടുത്തത്തില്‍ മരിച്ചതായാണ് ഗ്രാമവാസികളോട് പറഞ്ഞത്. ഈ കാര്യത്തില്‍ സംശയം തോന്നിയ ഗ്രാമവാസികള്‍ സംസ്‌കാരം നടത്തുന്നതിനു മുമ്പ് പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
പാതി കത്തിക്കരിഞ്ഞ സരള ദേവിയുടെ ശരീരം ദഹിപ്പിക്കാനുള്ള നീക്കം തടയാന്‍ ശ്രമിച്ച പോലിസുകാരെ യുവതിയുടെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിക്കുകയും ചെയ്തു. കുട്ടികളില്ലാത്തതിന്റെ പേരില്‍ ഏറെക്കാലമായി സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ നിരന്തരമായി അപമാനിക്കപ്പെട്ടിരുന്നതായി സരള ദേവിയുടെ സഹോദരന്‍ വിക്രാന്ത് പോലിസില്‍ പരാതി നല്‍കി. 2005ലാണ് അശോകുമായി സരള ദേവിയുടെ വിവാഹം കഴിഞ്ഞത്.
സരള ദേവിയുടെ ഭര്‍ത്താവ്, ഭര്‍തൃപിതാവ് സുഖ്ബീര്‍ സിംഗ്, ഭര്‍തൃ മാതാവ് രാജ്വതി, ഭര്‍തൃ സഹോദരി ഭര്‍ത്താവായ ത്രിലോക്, ഭര്‍ത്താവിന്റെ സഹോദരിമാരായ പൂനം, പൂജ എന്നിവര്‍ക്കെതിരെയാണ് സഹോദരന്‍ വിക്രാന്ത് പരാതി നല്‍കിയിട്ടുള്ളത്.
യൂണിഫോമിലുള്ള പോലിസ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതിനു പിന്നാലെ ഉയര്‍ന്ന അധികാരികളും കൂടുതല്‍ പോലിസും സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് സരള ദേവിയുടെ മൃതദേഹം ഭര്‍തൃവീട്ടുകാരില്‍ നിന്ന് പിടിച്ചെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സരള ദേവിയുടെ വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. പോലിസിനെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.
