മദ്യം കടത്താന്‍ ഉപയോഗിക്കുന്ന കുതിരയെ കസ്റ്റഡിയില്‍ എടുത്ത് ബിഹാര്‍ പോലിസ്
പറ്റ്‌ന: സ്ഥിരമായി മദ്യം കടത്താന്‍ ഉപയോഗിക്കുന്ന കുതിരയെ ബിഹാറിലെ വെസ്റ്റ് ചമ്പാരനിലെ നൗതാന്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തു. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാര്‍. കഴിഞ്ഞ ദിവസം ഈ കുതിരയെ ഉപയോഗിച്ച് 50 ലിറ്റര്‍ മദ്യം കടത്തുന്നത് പോലിസ് തടഞ്ഞിരുന്നു. കുതിരയുടെ ഉടമ രാജേഷ് കുമാര്‍ ഓടിരക്ഷപ്പെട്ടു. ഉത്തര്‍പ്രദേശില്‍ നിന്നാണ് പ്രതി മദ്യം കൊണ്ടുവന്നിരുന്നത്. തുടര്‍ന്ന് കുതിരയെ നൗതാന്‍ പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നു. പക്ഷേ, കാറും ബൈക്കും കൊണ്ടുവരുന്ന പോലെയല്ല കുതിരയെന്ന് വൈകാതെ തന്നെ പോലിസിന് ബോധ്യപ്പെട്ടു. കുതിരയെ ഇഷ്ടമുള്ളവരോട് അതിനെ കൊണ്ടുപോയി നോക്കാനാണ് ഇപ്പോള്‍ പോലിസ് പറയുന്നത്. നിരവധി തവണ മദ്യം കടത്തിയ കുതിരയെ തേടി ഉടമ എത്തുമോയെന്നും പോലിസിന് ആശങ്കയുണ്ട്.