പാകിസ്താന് സാമ്പത്തിക സഹായം നല്‍കുന്ന ഐഎംഎഫിന്റെ നിലപാടിനെതിരേ രൂക്ഷവിമര്‍ശനവുമായി രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐഎംഎഫ്) നിന്ന് പാകിസ്താന് സാമ്പത്തിക സഹായം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അത്തരം സഹായം പാകിസ്താന്റെ മണ്ണില്‍ പ്രവര്‍ത്തിച്ച് അക്രമം നടത്തുന്ന സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നതിലേക്ക് നയിച്ചേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഗുജറാത്തിലെ ഭുജ് വ്യോമസേനാ സ്റ്റേഷനില്‍ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഐഎംഎഫ് സഹായം ഭീകര സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നതിനായിരിക്കും ഉപയോഗിക്കുക. പാകിസ്താന് ഒരു സാമ്പത്തിക സഹായവും നല്‍കരുത്, അല്ലെങ്കില്‍ അവര്‍ ഭീകരതയ്ക്ക് ധനസഹായം നല്‍കും. ഐഎംഎഫ് വീണ്ടും ചിന്തിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,' രാജ്‌നാഥ് സിങ് പറഞ്ഞു.
കഴിഞ്ഞയാഴ്ച, ഐഎംഎഫ് പാകിസ്താന് 1 ബില്യണ്‍ ഡോളറിന്റെ ധനസഹായം അനുവദിച്ചിരു്‌നനു. ഇന്ത്യയുടെ എതിര്‍പ്പുകള്‍ അവഗണിച്ച്, 7 ബില്യണ്‍ ഡോളര്‍ വായ്പ പാക്കേജിന്റെ രണ്ടാം ഗഡുവും നല്‍കാന്‍ തീരുമാനമായി. ഇത് ഇന്ത്യയുടെ കടുത്ത എതിര്‍പ്പിനു കാരണമായി.
ജമ്മുകശ്മീരിലേക്ക് യാത്ര ചെയ്ത് നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും മൊത്തത്തിലുള്ള സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് രാജ്നാഥ് സിങ് ഭുജ് സന്ദര്‍ശിക്കുന്നത്.