ഐഎംഇഐ കൃത്രിമം ജാമ്യമില്ലാ കുറ്റം; മൂന്നു വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും: ടെലികോം മന്ത്രാലയം
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളുടെ 15 അക്ക ഐഎംഇഐ (ഇന്റര്‍നാഷണല്‍ മൊബൈല്‍ എന്റര്‍പ്രൈസസ് ഐഡന്റിറ്റി) നമ്പര്‍ ഉള്‍പ്പെടെയുള്ള ടെലികമ്യൂണിക്കേഷന്‍ തിരിച്ചറിയല്‍ സംവിധാനങ്ങളില്‍ കൃത്രിമം വരുത്തുന്നത് ജാമ്യമില്ലാ കുറ്റമാണെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കി. 2023ലെ ടെലികോം നിയമപ്രകാരം ഇത്തരത്തിലുള്ള കൃത്രിമങ്ങള്‍ക്ക് മൂന്നു വര്‍ഷം വരെ തടവ്, 50 ലക്ഷം രൂപ വരെ പിഴ, അല്ലെങ്കില്‍ രണ്ടുശിക്ഷയും ലഭിക്കാവുന്നതാണെന്ന് മുന്നറിയിപ്പില്‍ മന്ത്രാലയം വ്യക്തമാക്കി.
ഐഎംഇഐ അടക്കമുള്ള തിരിച്ചറിയല്‍ സംവിധാനങ്ങളില്‍ കൃത്രിമം വരുത്തുന്നത് സുരക്ഷാ ഏജന്‍സികളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഫോണ്‍ ട്രാക്കിംഗും കുറ്റകൃത്യങ്ങളുടെ അന്വേഷണം നടത്തുന്നതും ഐഎംഇഐ ഉപയോഗിച്ചാണെന്നും, ഇതില്‍ ഇടപെടല്‍ കുറ്റവാളികളെ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പില്‍ പറഞ്ഞു.
ടെലികോം നെറ്റ് വര്‍ക്കുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 2023ലെ ടെലികോം നിയമവും 2024ലെ ടെലികോം സൈബര്‍ സുരക്ഷാ നിയമവും പ്രകാരം ഐഎംഇഐ രജിസ്‌ട്രേഷനില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഐഎംഇഐ നമ്പര്‍ മനപൂര്‍വ്വം നീക്കം ചെയ്യുന്നതും മായ്ക്കുന്നതും തിരുത്തുന്നതും ഭേദഗതി വരുത്തുന്നതും 2024ലെ സൈബര്‍ സുരക്ഷാ നിയമപ്രകാരം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പില്‍ വ്യക്തമാക്കി.