അനധികൃത ധാബകളും മോശം റോഡും അപകടുണ്ടാക്കുന്നു; വിഷയത്തില്‍ അടിയന്തര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് സുപ്രിംകോടതി നിര്‍ദേശം

Update: 2025-11-13 05:50 GMT

ന്യൂഡല്‍ഹി: രാജസ്ഥാനിലെയും തെലങ്കാനയിലെയും റോഡരികിലെ അനധികൃത ധാബകളെ കുറിച്ചും ഹൈവേകളകുറിച്ചും വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ , റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം എന്നിവക്ക് നിര്‍ദേശം നല്‍കി സുപ്രിംകോടതി. അനധികൃതമായി റോഡ് കയ്യേറുന്നുതും മോശം റോഡും അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന മിഡിയ റിപോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. കോടതിക്ക് ഇത്തരം ദുരന്തങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

'ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ജീവിക്കാനുള്ള മൗലികാവകാശം വിഭാവനം ചെയ്യുന്നു. കൂടാതെ അവശ്യവും മതിയായതുമായ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ ഓരോ പൗരനും ഉണ്ടായിരിക്കാനുള്ള അവകാശവും ഇതില്‍ ഉള്‍പ്പെടുന്നു,' എന്ന് ബെഞ്ച് പറഞ്ഞു.

നവംബര്‍ 2 ന് രാജസ്ഥാനിലെ ഫലോഡിയിലെ മടോഡയ്ക്ക് സമീപം തീര്‍ത്ഥാടകരുമായി പോയ ബസ് നിര്‍ത്തിയിട്ടിരുന്ന ട്രെയിലര്‍ ട്രക്കില്‍ ഇടിച്ച് 15 യാത്രക്കാര്‍ മരിച്ചിരുന്നു. ധാബകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ സമീപമുള്ള വാഹനങ്ങളോരൊന്നും റോഡില്‍ നിര്‍ത്തിയിട്ടിരുന്നു. ഇതാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്.. പിറ്റേന്ന് രാവിലെ, തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ മറ്റൊരു അപകടമുണ്ടായി. ചരല്‍ നിറച്ച ലോറി സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസില്‍ ഇടിച്ചുകയറി ഒരു കുഞ്ഞ് ഉള്‍പ്പെടെ 19 പേര്‍ മരിച്ചു. റോഡില്‍ മതിയായ വെളിച്ചമോ മുന്നറിയിപ്പ് അടയാളങ്ങളോ ഇല്ലാത്തതായിരുന്നു അപകടകാരണം.

അപകടങ്ങളെത്തുടര്‍ന്ന് പൊതുജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നതിനുശേഷമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടപടി സ്വീകരിച്ചതെന്നും അധികൃതര്‍ പ്രതികരിച്ചതെന്നും കോടതി നിരീക്ഷിച്ചു. ജീവന്‍ അപകടത്തിലായപ്പോഴാണ് അധികൃതര്‍ക്ക് കാര്യങ്ങള്‍ മനസിലായതെന്നും കോടതി വ്യക്തമാക്കി. ഭാരത്മാല എക്‌സ്പ്രസ് വേയും ദേശീയ പാതയും കടന്നുപോകുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെയും ആഭ്യന്തര മന്ത്രാലയത്തെയും ബെഞ്ച് കക്ഷി ചേര്‍ത്തു. വിഷയത്തില്‍ മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടു.

Tags: