ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ തോല്‍ക്കുമെന്ന ഐഐടി ബാബയുടെ ശാസ്ത്രീയ പ്രവചനവും തെറ്റി; രാജ്യത്തുനിന്ന് ചവിട്ടിപ്പുറത്താക്കണമെന്ന് നെറ്റിസണ്‍സ്

Update: 2025-02-24 13:25 GMT

ന്യൂഡല്‍ഹി: ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനോട് ഇന്ത്യ പരാജയപ്പെടുമെന്ന അഭയ് സിങ് എന്ന ഐഐടി ബാബയുടെ പ്രവചനം തെറ്റി. മല്‍സരത്തില്‍ ഇന്ത്യയും വിരാട് കോലിയും പരാജയപ്പെടുമെന്നാണ് ഇയാള്‍ പ്രവചിച്ചിരുന്നത്.

''ഇത്തവണ ഇന്ത്യ ജയിക്കില്ലെന്ന് ഞാന്‍ മുന്‍കൂട്ടി പറയുന്നു. ഇന്ന് ജയിക്കാന്‍ കഴിയുമെങ്കില്‍ ജയിക്കാന്‍ പറയൂ. അവര്‍ ജയിക്കില്ലെന്ന് ഞാന്‍ പറഞ്ഞതിനാല്‍, അവര്‍ ജയിക്കില്ല. അപ്പോള്‍ ഇനി എന്താണ്? ദൈവമാണോ വലുത്. അതോ നിങ്ങളാണോ?''- മല്‍സരത്തിന് മുമ്പ് അഭയ് സിങ് പ്രവചിച്ചു.

എന്നാല്‍, ബാബയുടെ പ്രവചനങ്ങളെ കുപ്പത്തൊട്ടിയില്‍ വലിച്ചെറിയുന്ന പ്രകടനമാണ് ഇന്ത്യയും കോലിയും കാഴ്ച്ചവച്ചത്. മല്‍സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. വിരാട് കോലി 111 പന്തില്‍ 100 റണ്ണും നേടി. ഇന്ത്യ ജയിച്ചതോടെ ഐഐടി ബാബ സോഷ്യല്‍ മീഡിയയായ എക്‌സില്‍ ട്രെന്‍ഡ് ചെയ്യാനും തുടങ്ങി. ഇയാളെ ഇന്ത്യയില്‍ നിന്നും ചവിട്ടിപ്പുറത്താക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു.

ബോംബെ ഐഐടിയില്‍ നിന്ന് ബിരുദം നേടിയ ഇയാള്‍ മുമ്പ് എയറോസ്‌പേസ് എഞ്ചിനീയറായിരുന്നു എന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. കാനഡയിലെ ജോലി രാജിവച്ച ശേഷമാണ് ആത്മീയ ജീവിതത്തിലേക്ക് കടന്നത്. വിദ്യഭ്യാസമുള്ള യുവാവ് സന്യാസി ജീവിതം തുടങ്ങിയതോടെ സ്വീകാര്യതയും കിട്ടി. പക്ഷേ, ഇതെല്ലാം പൊളിഞ്ഞു വീണിരിക്കുകയാണ്.