തിരുവനന്തപുരം: സിനിമ കാണാന്‍ സീറ്റില്ലാത്തതില്‍ ഐഎഫ്എഫ്‌കെയില്‍ ഡെലിഗേറ്റുകളുടെ പ്രതിഷേധം. സിറാത്ത് സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് ശ്രീ തിയേറ്ററില്‍ പ്രതിഷേധം. 30% റിസര്‍വ് ചെയ്യാത്തവര്‍ക്ക് സീറ്റുണ്ടായിട്ടും നല്‍കാത്തതാണ് പ്രതിഷേധത്തിനു കാരണം. റിസര്‍വേഷന്‍ ചെയ്തവര്‍ക്കും സീറ്റ് കിട്ടിയില്ലെന്നും പരാതി. റിസര്‍വേഷന്‍ ചെയ്തവര്‍ മണിക്കൂറുകളോളം ക്യൂ നിന്നിട്ടും സീറ്റു ലഭിച്ചില്ലെന്നും പരാതി. നേരത്തെ ഐഎഫ്എഫ്കെയില്‍ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനവും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
സെന്‍സര്‍ ബോര്‍ഡ് എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഫലസ്തീന്‍ പ്രമേയമായിട്ടുള്ള ചിത്രങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഐഎഫ്എഫ്കെയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടി അപലപനീയമെന്ന് ചൂണ്ടിക്കാട്ടി നിരവധി സാംസ്‌കാരിക, സിനിമാ മേഖലയുമായി ബന്ധപ്പെട്ട സംഘടനകളും പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. 12ന് തുടങ്ങിയ ഐഎഫ്എഫ്‌കെ 19 വരേയാണ് നടക്കുന്നത്.