'ചരിത്രം പഠിക്കണമെങ്കില്‍ കോളജില്‍ പോകണം'; വിമര്‍ശിക്കുന്നവരെ 'ദേശവിരുദ്ധര്‍' എന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്ന് പ്രിയങ്ക് ഖാര്‍ഗെ

Update: 2026-01-12 06:44 GMT

ഗുല്‍ബര്‍ഗ: പുരാതന ചരിത്രം പറഞ്ഞ് വികസനത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ.ഗുജറാത്തിലെ സോമനാഥ് സ്വാഭിമാന പര്‍വ് പരിപാടിയില്‍ സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ചരിത്രം ഉദ്ധരിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചിരുന്നു. മോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക് ഖാര്‍ഗെ രംഗത്തെത്തി. സര്‍ക്കാരിന്റെ 11 വര്‍ഷത്തെ പ്രകടനത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

'പ്രധാനമന്ത്രിയില്‍ നിന്ന് നമുക്ക് എന്താണ് വേണ്ടത്? ചരിത്ര പാഠങ്ങള്‍? രാജ്യത്തിന്റെ ഭാവിയിലേക്കുള്ള ബ്ലൂപ്രിന്റ് എവിടെയാണ്? 11 വര്‍ഷമായി, മുദ്രാവാക്യങ്ങള്‍ മാത്രമല്ലാതെ ഫലങ്ങളൊന്നുമില്ല. 'മേക്ക് ഇന്‍ ഇന്ത്യ', 'സ്‌കില്‍ ഇന്ത്യ', 'ഡിജിറ്റല്‍ ഇന്ത്യ' എന്നിവയെല്ലാം പരാജയപ്പെട്ടു,' അദ്ദേഹം പറഞ്ഞു.

'ആളുകള്‍ക്ക് ചരിത്രം പഠിക്കണമെങ്കില്‍ അവര്‍ കോളജില്‍ പോകണം. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എല്ലാവരെയും 'ദേശവിരുദ്ധര്‍' എന്ന് മുദ്രകുത്തുന്ന പ്രവണത ശരിയല്ല,' അദ്ദേഹം പറഞ്ഞു.അതേസമയം, നികുതി വിതരണ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും പ്രിയങ്ക് ഖാര്‍ഗെ തന്റെ രോഷം പ്രകടിപ്പിച്ചു. അമിത് ഷായുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി, കര്‍ണാടകയെ ഭരണത്തെക്കുറിച്ച് പഠിപ്പിക്കാന്‍ കേന്ദ്രത്തിന് അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജിഎസ്ടി, ഐടി നികുതി പിരിവില്‍ കര്‍ണാടക ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ന്യായമായ വിഹിതം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്രത്തില്‍ നിന്ന് മതിയായ സഹായം ലഭിക്കാതെ തന്നെ സംസ്ഥാനം തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: