'ഇന്നൊരു പെണ്ണിന്റെ നിഖാബ് മാറ്റി നാളെ അയാള്‍ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?'; നിതീഷിനെതിരേ ആംആദ്മി നേതാവ്
ന്യൂഡല്‍ഹി: നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ആംആദ്മി പാര്‍ട്ടി നേതാവ് പ്രിയങ്ക കക്കാര്‍. ഇന്നൊരു പെണ്ണിന്റെ നിഖാബ് മാറ്റിയ ആള്‍ക്ക്, ബുദ്ധിമുട്ടായി തോന്നിയാല്‍ നാളെ തന്റെ കൈകളിലെ വസ്ത്രം മാറ്റാനും നോക്കില്ലേ എന്ന് കക്കാര്‍ ചോദിച്ചു. നിയന്ത്രണം ഒരിക്കലും ഒരു കഷണം വസ്ത്രത്തില്‍ മാത്രം ഒതുങ്ങുന്നില്ല. സമത്വം എന്നാല്‍ എപ്പോഴും സമ്മതത്തെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു. നേരത്തെ, ആര്‍ജെഡിയും കോണ്‍ഗ്രസും നിതീഷിനെതിരേ രംഗത്തെത്തിയിരുന്നു. നിതീഷ് കുമാര്‍ മാപ്പുപറയണമെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തിലിരിക്കാന്‍ അര്‍ഹതയില്ലെന്നും കക്കാര്‍ വിമര്‍ശിച്ചു.