'വിഷ്ണുപുരം ചന്ദ്രശേഖരന്‍ താത്പര്യമില്ലെങ്കില്‍ വരേണ്ട'; വി ഡി സതീശന്‍

Update: 2025-12-22 13:22 GMT

തിരുവനന്തപുരം: വിഷ്ണുപുരം ചന്ദ്രശേഖരന്‍ നിരവധി തവണ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫിലേക്കെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തന്നെയും രമേശ് ചെന്നിത്തലയെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും വിഷ്ണുപുരം ചന്ദ്രശേഖരന്‍ വന്ന് കണ്ടിരുന്നു. ഇന്നലെ അദേഹം രണ്ടു തവണ തന്നെ വിളിച്ചിരുന്നെന്നും വിവരം പറയുകയും ചെയ്തെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ പിന്മാറിയതിന്റെ കാരണം അറിയില്ലെന്നും യുഡിഎഫ് ഘടക കക്ഷിയാക്കണമെന്നതായിരുന്നു അദേഹത്തിന്റെ ആവശ്യമെന്നും വി ഡി സതീശന്‍ പറഞ്ഞു.

അസോസിയേറ്റ് മെമ്പറാകാന്‍ താത്പര്യമില്ലെങ്കില്‍ വേണ്ടെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. അദേഹം നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. യുഡിഎഫില്‍ ചര്‍ച്ചയ്ക്ക് വെച്ചിരുന്നു. എതിര്‍പ്പില്ലെന്ന് ഘടകകക്ഷികള്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ആദ്യഘട്ടമെന്ന നിലയിലാണ് അസോസിയേറ്റ് മെമ്പര്‍ ആക്കിയത്. അദേഹത്തിന് താത്പര്യമില്ലെങ്കില്‍ വേണ്ടെന്നും തങ്ങള്‍ക്ക് ഒരു വിരോധവും ഇല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. വിഷ്ണുപുരം ചന്ദ്രശേഖരന്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. യുഡിഎഫിലേക്ക് വരാന്‍ താത്പര്യമുള്ളവര്‍ രേഖമൂലം കത്ത് നല്‍കിയിരുന്നു. ഇന്ന് രാവിലെയും ചന്ദ്രശേഖരന്‍ വിളിച്ചിരുന്നു. യുഡിഎഫില്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് അറിയിച്ചിരുന്നു. അസോസിയേറ്റ് മെമ്പറാക്കുമെന്ന് പറഞ്ഞില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.

താന്‍ എന്‍ഡിഎ വൈസ് ചെയര്‍മാനാണെന്നും, അതൃപ്തിയുണ്ടെങ്കിലും മറ്റൊരു മുന്നണിയിലേക്ക് പോകാനുള്ള സാഹചര്യമില്ലെന്നുമാണ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞത്. എന്‍ഡിഎയിലെ അതൃപ്തി വി ഡി സതീശനുമായും, രമേശ് ചെന്നിത്തലയുമായും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും സംസാരിച്ചിട്ടുണ്ട്. അല്ലാതെ മുന്നണി വിടാന്‍ ആലോചനയില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.

Tags: