'വാഹനം കിട്ടിയിരുന്നെങ്കില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു, പ്രമോട്ടറേയും മെമ്പറേയും വിളിച്ചിട്ട് ഒരു പ്രതികരണവുമുണ്ടായില്ല'- വീടിന്റെ ചുവരിടിഞ്ഞ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ അമ്മ മായാദേവി
പാലക്കാട്: അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബവും ബന്ധുക്കളും. പുറത്തെടുത്തപ്പോള്‍ മകന് ജീവനുണ്ടായിരുന്നുവെന്നും വാഹനം ലഭിച്ചിരുന്നെങ്കില്‍ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നുവെന്നും അമ്മ പറഞ്ഞു. പ്രമോട്ടറെയും മെമ്പറെയും വിളിച്ചിട്ട് പ്രതികരണമുണ്ടായില്ല. പലതവണ ബന്ധപ്പെട്ടിട്ടും വാഹനമെത്തിയില്ലെന്നും കുട്ടികളെ ആശുപത്രിയിലെത്തിച്ചത് ബൈക്കിലാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം, അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് കുട്ടികള്‍ മരിച്ചതില്‍ ഐടിഡിപിക്കെതിരേ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. അപകടത്തിന് ഐടിഡിപിയുടെ അനാസ്ഥയെന്നും നിരവധി വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അപകടമുണ്ടായത് പണി തീരാത്ത വീട്ടിലെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
ഇന്നലെയാണ് വര്‍ഷങ്ങളായി നിര്‍മാണം നിലച്ച വീടിന്റെ ഭിത്തിയിടിഞ്ഞ് മുക്കാലി കരുവാര ഊരിലെ ആദി(4), അജ്‌നേഷ്(7) എന്നീ സഹോദരങ്ങള്‍ മരിച്ചത്. അപകടത്തില്‍ പെട്ട ആറു വയസുകാരിയുടെ നില ഗുരുതരമായി തുടരുകയാണ്. മുക്കാലിയില്‍ നിന്ന് നാലു കിലോമീറ്ററിനപ്പുറം വനത്തിലാണ് കരുവാര ഊര്. കുട്ടികള്‍ വീടിനു സമീപത്തു കളിക്കുന്നതിനിടെയായിരുന്നു അപകടം.