'അംഗീകരിച്ചില്ലെങ്കില്‍ യന്ത്രങ്ങള്‍ കൊണ്ട് കുടിയിറക്കും'; ബുള്‍ഡോസര്‍ നടപടിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍
ന്യൂഡല്‍ഹി: ബുള്‍ഡോസര്‍ നടപടി വ്യാപിപ്പിക്കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. രാജസ്ഥാനിലെ ചോമുവില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ എന്നു പറഞ്ഞുകൊണ്ട് 20 കശാപ്പുശാലകള്‍ക്കാണ് ഉദ്യോഗസ്ഥര്‍ നോട്ടിസ് അയച്ചത്. പൊതു ഭൂമിയില്‍ നിര്‍മ്മിച്ചവയാണ് കെട്ടിടങ്ങള്‍ എന്നു പറയുന്ന നോട്ടിസില്‍ മൂന്ന് ദിവസത്തെ സാവകാശം മാത്രമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നല്‍കിയിരിക്കുന്നത്.
നോട്ടിസുകള്‍ ലഭിച്ചതിനുശേഷം സാധാരണ ജീവിതം താറുമറായെന്നും എല്ലാവരും ഭയപ്പാടിലാണെന്നും പ്രദേശത്തെ മുസ് ലിംകള്‍ പറഞ്ഞു. ''ഞങ്ങളുടെ വഴികള്‍ ശൂന്യമാണ്. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ ഭയമാണ്,'' പ്രദേശത്തെ കടയുടമ പറഞ്ഞു. കൈയ്യേറ്റവും നിയമലംഘനവും നടത്തിയതായി നിരവധി പരാതികള്‍ വന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു നടപടി എടുക്കുന്നതെന്നുമാണ് അധികൃതരുടെ അവകാശവാദം.
സമീപത്തുള്ള മാസം വില്‍ക്കുന്ന കടകള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. നോട്ടിസ് അംഗീകരിച്ചില്ലെങ്കില്‍ യന്ത്രങ്ങള്‍ കൊണ്ട് കുടിയിറക്കുമെന്നാണ് ഭീഷണി. മുസ് ലിംകളെ മാത്രം കേന്ദ്രീകരിച്ചിട്ടുള്ള നടപടിയാണിതെന്നും എന്തിനാണ് തങ്ങളെ വേട്ടയാടുന്നതെന്നും ഇവിടുത്തുകാര്‍ ചോദിക്കുന്നു. തങ്ങളുടെ വാക്കുകള്‍ കേള്‍ക്കാതെ തങ്ങളെ ശിക്ഷിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.