'യഥാര്‍ഥ ഇന്ത്യക്കാരനാണെങ്കില്‍ അങ്ങനെയൊന്നും പറയില്ലായിരുന്നു'; ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ സുപ്രിംകോടതി
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് വിമര്‍ശനം. രാഹുല്‍ ഗാന്ധിക്കെതിരായ വിചാരണ കോടതിയിലെ നടപടികള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തു. കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും പരാതിക്കാരനും സുപ്രിംകോടതി നോട്ടിസ് അയച്ചു. ജസ്റ്റിസുമാരായ ദീപങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി സൈന്യത്തിനെതിരെ നിരവധി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഉദയ് ശങ്കര്‍ ശ്രീവാസ്തവയാണ് കേസ് ഫയല്‍ ചെയ്തത്. '2000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈനക്കാര്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം, നിങ്ങള്‍ യഥാര്‍ത്ഥ ഇന്ത്യക്കാരനാണെങ്കില്‍, നിങ്ങള്‍ അങ്ങനെയൊന്നും പറയില്ലായിരുന്നു,'വാദം കേള്‍ക്കുന്നതിനിടെ, ബെഞ്ച് രാഹുല്‍ഗാന്ധിയോട് ചോദിച്ചു. താങ്കള്‍ പ്രതിപക്ഷ നേതാവാണെന്നും സോഷ്യല്‍ മീഡിയയിലൂടെയല്ല, പാര്‍ലമെന്റില്‍ കാര്യങ്ങള്‍ പറയണമെന്നും ബെഞ്ച് നിരീക്ഷിച്ചു.
പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും വഞ്ചനാപരമായ രീതിയിലാണ് സമര്‍പ്പിച്ചതെന്നും രാഹുല്‍ഗാന്ധിവ്യക്തമാക്കിയിരുന്നു. മെയ് 29ന് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിന്റെ ഹരജി തള്ളിയിരുന്നു.