അസമിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം രാഹുല്‍ഗാന്ധിയെങ്കില്‍ അകത്താക്കും: അസം മുഖ്യമന്ത്രി

Update: 2025-07-19 03:49 GMT

ഗുവാഹതി: അസമിലെ ഗോല്‍പാരയില്‍ സംഘര്‍ഷമുണ്ടാവാന്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗങ്ങള്‍ കാരണമായിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ ജയിലില്‍ അടയ്ക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. രാഹുല്‍ ഗാന്ധി ഒരു ദിവസം അസമില്‍ എത്തിയപ്പോള്‍ തന്നെ വലിയ സംഘര്‍ഷമുണ്ടായെന്നാണ് മുഖ്യമന്ത്രി ആരോപിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. അസമില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അഴിമതിക്കാരനായ ഹിമാന്തയെ അറസ്റ്റ് ചെയ്യുമെന്നും രാഹുല്‍ പറയുകയുണ്ടായി. അതിന് പിന്നാലെയാണ് രാഹുലിനെ അറസ്റ്റ് ചെയ്യുമെന്ന് ഹിമാന്ത ഭീഷണിപ്പെടുത്തുന്നത്. ഗോല്‍പാരയിലെ ആയിരക്കണക്കിന് മുസ്‌ലിംകളെ കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. രണ്ടു മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊല്ലുകയുമുണ്ടായി.