ശബരിമല സ്വര്‍ണക്കൊള്ള; 'അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണം'; പ്രതിപക്ഷ നേതാവ്

Update: 2026-01-02 12:14 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി പിണറായി വിജയനേയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

'പോറ്റിക്കൊപ്പം പടം എടുത്തതു കൊണ്ട് അടൂര്‍ പ്രകാശ് പ്രതിയാകുമോ? അങ്ങനെയെങ്കില്‍ പിണറായി വിജയനും പ്രതിയാകണമല്ലോ. അദ്ദേഹത്തെ എസ്‌ഐടി ചോദ്യം ചെയ്യണമല്ലോ. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കുറിച്ച് കൂടുതല്‍ അറിയാവുന്നത് പിണറായി വിജയനാണ്. പിണറായിയുടെ സഹപ്രവര്‍ത്തകരാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ചേര്‍ന്ന് അയ്യപ്പന്റെ സ്വര്‍ണം അടിച്ചുമാറ്റിയത്. എന്നിട്ടാണോ അതേ പോറ്റിക്കൊപ്പം മുഖ്യമന്ത്രി നിന്നത്. മുഖ്യമന്ത്രി പോറ്റിക്കൊപ്പം നിന്നതിനെ ഞങ്ങള്‍ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുകയാണെങ്കില്‍ പിണറായി വിജയനേയും ചോദ്യം ചെയ്യണം. സ്വര്‍ണം കട്ടതില്‍ നാണംകെട്ട് നില്‍ക്കുന്നത് ബാലന്‍സ് ചെയ്യാനാണ് ശ്രമിക്കുന്നത്. സ്വര്‍ണം കട്ടത് സിപിഎമ്മാണ്. അതില്‍ മാറ്റാരേയും അവര്‍ പങ്കാളികളാക്കിയിട്ടില്ല. മൂന്ന് സിപിഎം നേതാക്കളാണ് സ്വര്‍ണം കട്ടതിന് ജയിലില്‍ കിടക്കുന്നത്' സതീശന്‍ പറഞ്ഞു.

'ഫോട്ടോ എടുക്കുമ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പ്രതിയായിരുന്നില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂടെ ആരൊക്കെ ഫോട്ടോ എടുത്തു എന്നല്ലാലോ എസ്‌ഐടി അന്വേഷിക്കുന്നത്. ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ടൂറിസം വകുപ്പിന്റെ പ്രൊമോഷന് വന്നത് ഞങ്ങള്‍ അങ്ങനെ ചോദ്യം ചെയ്തില്ല. വ്‌ലോഗര്‍ ചാരവനിത ആയതിനു മന്ത്രിയെ പറഞ്ഞിട്ട് കാര്യം ഉണ്ടോ?. പല കുഴപ്പകാരും പലരുടേയും കൂടെ ഫോട്ടോ എടുത്തിട്ടുണ്ടാവും. അവരേയൊക്കെ പറ്റി അന്വേഷിക്കില്ലല്ലോയെന്നും' സതീശന്‍ ചോദിച്ചു.

അതേസമയം, വെള്ളാപ്പള്ളി നടേശന് കുട പിടിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയാത്തതാണ് വെള്ളാപ്പള്ളി പറയുന്നത്. വെള്ളാപ്പള്ളിക്ക് കുടപിടിക്കുന്നത് മുഖ്യമന്ത്രിയാണ്. വെള്ളാപ്പള്ളിയുടേത് സംഘപരിവാറിന്റെ അജണ്ട. സിപിഎമ്മും ബിജെപയുടെ അജണ്ട പിന്തുടരുന്നു. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ വെള്ളാപ്പള്ളി അധിക്ഷേപിക്കുകയാണ്. ഉമ്മന്‍ ചാണ്ടി ഭരിച്ചപ്പോള്‍ നിരവധി സ്ഥാപനങ്ങള്‍ എസ്എന്‍ഡിപിക്ക് അനുവദിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags: