''തീവ്രവാദിയെന്നും മുല്ലിയെന്നും വിളിച്ച് നിശബ്ദയാക്കാനാവില്ല'': ഇഖ്‌റ ഹസന്‍ എംപി

Update: 2025-10-16 13:30 GMT

ലഖ്‌നോ: 'തീവ്രവാദിയെന്നും മുല്ലിയെന്നും' വിളിച്ച് തന്നെ നിശബ്ദയാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഉത്തര്‍പ്രദേശിലെ ഖൈരാന എംപി ഇഖ്ര ഹസന്‍. സഹരാന്‍പൂരിലെ ചാപൗര്‍ ഗ്രാമത്തിലെ ശിവക്ഷേത്രത്തിലേക്ക് ചിലര്‍ എന്തോ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഇഖ്ര ഹസന്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ഹിന്ദു സുരക്ഷാ സേവാ സംഘം എന്ന ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകര്‍ ഇഖ്രയോട് വര്‍ഗീയമായ രീതിയില്‍ സംസാരിച്ചു. തുടര്‍ന്നാണ് അവര്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ''പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ, പ്രതിഷേധത്തിനിടെ ഞാന്‍ അധിക്ഷേപത്തിനും അപമാനകരമായ ഭാഷയ്ക്കും വിധേയയായി. എന്നെയവര്‍ 'മുല്ലി' എന്നും തീവ്രവാദി എന്നും വിളിച്ചു. അത് എനിക്ക് മാത്രമല്ല, സമൂഹത്തിലെ എല്ലാ സ്ത്രീകള്‍ക്കും അപമാനമാണ്. സമ്മര്‍ദ്ദത്തിന് ഞാന്‍ വഴങ്ങില്ല. സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ല. തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങളും എനിക്ക് വോട്ട് ചെയ്തു. എന്നെ അപമാനിക്കുന്നത് എല്ലാവരോടുമുള്ള അപമാനമാണ്. ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ അല്ല ഞാന്‍ പ്രവര്‍ത്തിക്കുന്നത്. എന്റെ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാം.''-ഇഖ്‌റ പറഞ്ഞു.

ചാപൗര്‍ സന്ദര്‍ശിക്കരുതെന്ന് ഉപദേശിച്ചുകൊണ്ട് ഉദ്യോഗസ്ഥരില്‍ നിന്ന് തനിക്ക് ഒരു കോള്‍ ലഭിച്ചതായും എംപി വെളിപ്പെടുത്തി. '' പ്രദേശത്തേക്ക് പോവരുതെന്ന് സര്‍ക്കാര്‍ എന്നോട് പറഞ്ഞു. അത് എങ്ങനെയാണ് സാധ്യമാവുക. ഞാന്‍ എന്തുകൊണ്ട് പോകരുത്? എനിക്ക് ജനങ്ങളുമായി സംസാരിക്കേണ്ടേ ?''ഇഖ്‌റ ചോദിച്ചു. അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ സഹരാന്‍പൂര്‍ എസ്എസ്പി പറഞ്ഞതായും ഇഖ്ര വെളിപ്പെടുത്തി.