തിരുവനന്തപുരം: മാറാട് കലാപം പറഞ്ഞാല്‍ എന്താണ് ഇത്ര പ്രയാസമെന്നും എ കെ ബാലനെ തള്ളി എന്നു പറയാന്‍ എന്നെ കിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാറാട് അങ്ങനെ ആരും മറക്കണ്ട. യുഡിഎഫ് കാലത്ത് നടന്ന സംഭവമാണ്. അത് എന്തിന് മറക്കണമെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു.
ജമാഅത്തെ ഇസ് ലാമിനെതിരേ നടത്തുന്ന വിമര്‍ശനം മുസ് ലിം സമുദായത്തിനെതിരേ നടത്തുന്ന വിമര്‍ശനമായി വ്യാഖ്യാനിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. രാജ്യത്ത് മതത്തെ രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നു. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ എല്ലാ മത വിശ്വാസികളും അണിചേരണമെന്നും ജനുവരി 30ന് ജില്ലാ കേന്ദ്രങ്ങളില്‍ വര്‍ഗീയതക്കെതിരേ പരിപാടി സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ജമാഅത്തെ ഇസ് ലാമിയുമായി കൂട്ടുകൂടാന്‍ ഒരു മടിയും ഇല്ലാത്തവരാണ് കോണ്‍ഗ്രസും ലീഗുമെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പടുത്തി.
ജമാഅത്തെ ഇസ് ലാമിനെതിരായ വിമര്‍ശനം എല്ലാ കാലത്തും സിപിഎം മുന്നോട്ടുവയ്ക്കുന്നതാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ജമാഅത്തെ ഇസ് ലാമി തീവ്രവാദ സംഘടനയെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പോലും കോടതിയെ അറിയിച്ചിട്ടുണ്ട്. ദേശദ്രോഹ പ്രവര്‍ത്തനം നടത്തുന്ന ജമാഅത്ത് ഇസ് ലാമിയെ വേണ്ടിവന്നാല്‍ നിരോധിക്കുമെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ചെന്നിത്തലയായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. വി ഡി സതീശന്‍ അന്ന് യുഡിഎഫ് എംഎല്‍എ ആയിരുന്നുവെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.