'മരിച്ച മാതാവിന്റെ ആഭരണങ്ങള്‍ തനിക്കുവേണം'; ചിതയില്‍ കിടന്ന് പ്രതിഷേധിച്ച് ഇളയമകന്‍(വിഡിയോ)

Update: 2025-05-17 07:36 GMT

ജയ്പൂര്‍: മരിച്ച മാതാവിന്റെ ആഭരണത്തിനു വേണ്ടി അവരുടെ ചിതയില്‍ കിടന്ന് പ്രതിഷേധിച്ച് ഇളയമകന്‍. മൂത്ത മകന് അമ്മയുടെ ആഭരണങ്ങള്‍ കൈമാറിയത് ഇളയമകനില്‍ ദേഷ്യമുണ്ടാക്കി. ഇതിനേ തുടര്‍ന്ന് ശവസംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഇയാള്‍ ചിതക്കു മുകളില്‍ കയറിക്കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. ജയ്പൂര്‍ റൂറലിലെ വിരാട്‌നഗര്‍ മേഖലയിലാണ് സംഭവം.

ഇക്കഴിഞ്ഞ മെയ് മൂന്നിനാണ് 80വയസ് പ്രായമുള്ള അമ്മ മരിക്കുന്നത്. തുടര്‍ന്ന് ഇവരുടെ മൃതദേഹം മക്കളും മറ്റു ബന്ധുക്കളും ചേര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ക്കായി അടുത്തുളള ശ്മശാനത്തിലേക്ക് കൊണ്ട് പോയി. ചടങ്ങുകള്‍ നടക്കുന്നതിനിടെ കുടുംബത്തിലെ മുതിര്‍ന്ന ഒരാള്‍ മരിച്ച വയോധികയുടെ ശരീരത്തില്‍ നിന്ന് വെള്ളി വളകളും മറ്റ് ആഭരണങ്ങളും ഊരി മാതാവിനെ പരിപാലിച്ചിരുന്ന ഇവരുടെ മൂത്തമകനായ ഗിര്‍ധാരി ലാലിന് കൈമാറി. എന്നാല്‍ ഇതില്‍ ദേഷ്യം വന്ന സഹോദരന്‍ ഓം പ്രകാശ്, സ്വര്‍ണാഭരണങ്ങള്‍ തനിക്കു വേണമെന്നാവശ്യപ്പെട്ട് ചിതയിലേക്ക് കയറിക്കിടന്ന് പ്രതിഷേധിക്കുകയുമായിരുന്നു.

താന്‍ പറയുന്ന കാര്യങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ ചിതയ്ക്ക് തീ കൊളുത്തുന്നതിനൊപ്പം താനും തീ കൊളുത്തി മരിക്കുമെന്നായിരുന്നു ഭീഷണി. ആളുകള്‍ ചേര്‍ന്ന ഓം പ്രകാശിനെ ബലമായി ചിതയില്‍ നിന്ന് പുറത്തെടുത്തു. എന്നിട്ടും ചിതയ്ക്കടുത്തിരുന്ന് പ്രതിഷേധം തുടര്‍ന്നപ്പോള്‍ ഒടുവില്‍ ആഭരണങ്ങള്‍ ഓം പ്രകാശിന് കൈമാറി. ശേഷമാണ് മാതാവിന്റെ ചിതക്ക് തീ കൊളുത്തിയത്.

Tags: