'പൂര്‍ണ ഉത്തരവാദിത്വം ഞാനേറ്റെടുക്കുന്നു';പഹല്‍ഗാമില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ

Update: 2025-07-14 07:20 GMT

ശ്രീനഗര്‍: പഹല്‍ഗാമില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് ജമ്മുകശ്മീര്‍ ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ. സുരക്ഷാ വാഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹം അറിയിച്ചു. അന്തര്‍ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

''പഹല്‍ഗാമില്‍ നടന്നത് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ്. നിരപരാധികളായ ആളുകള്‍ ക്രൂരമായി കൊല്ലപ്പെട്ടു. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു, അത് നിസ്സംശയമായും ഒരു സുരക്ഷാ വീഴ്ചയായിരുന്നു. ആക്രമികള്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിടുന്നില്ല എന്നതാണ് ഇവിടുത്തെ പൊതുവായ വിശ്വാസം. ആക്രമണം നടന്ന സ്ഥലം ഒരു തുറന്ന പുല്‍മേടാണ്. സുരക്ഷാ സേനയ്ക്ക് അവിടെ സന്നിഹിതരാകാന്‍ സൗകര്യമോ സ്ഥലമോ ഇല്ല. ഇത് പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്ത ആക്രമണമായിരുന്നു'' അദ്ദേഹം പറഞ്ഞു.

കേസില്‍ എന്‍ഐഎ നടത്തിയ അറസ്റ്റുകള്‍ ആക്രണത്തിലെ പ്രാദേശിക പങ്കാളിത്തം സ്ഥിരീകരിക്കുന്നുണ്ടെന്നും പക്ഷേ ജമ്മുകശ്മീരിലെ സുരക്ഷാ അന്തരീക്ഷം പൂര്‍ണ്ണമായും ദുഷിച്ചതാണെന്ന് വിലയിരുത്തുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം രാജ്യത്തിന്റെ ആത്മാവിന് നേരെയുള്ള മനഃപൂര്‍വ്വവുമായ ഒരു പ്രഹരമായിരുന്നെന്നുംപാകിസ്താന്റെ ഉദ്ദേശം ഒരു വര്‍ഗീയ വിഭജനം സൃഷ്ടിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഓപറേഷന്‍ സിന്ദൂരിന് പാകിസ്താനെതിരെ ശക്തമായ പ്രഹരം ഏല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ്‌ദ്ദേഹം പറഞ്ഞു. ''ഏതൊരു ഭീകരാക്രമണത്തെയും യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനെതിരേ നമ്മുടെ സൈന്യം കൃത്യമായ ആക്രമണം നടത്തിയ രീതി പാിസ്താന് ശക്തമായ സന്ദേശം നല്‍കി. ഭീകരതയെ തങ്ങളുടെ പ്രഖ്യാപിത നയമാക്കിയ ഒരു രാജ്യത്തെ വിശ്വസിക്കാന്‍ കൊള്ളില്ല. ആഭ്യന്തര മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികളും പാകിസ്താനെ നിരീക്ഷിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്'' അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: