'ആടുജീവിതത്തിന് അവാര്‍ഡ് നിഷേധിച്ചപ്പോള്‍ നിശബ്ദനായത് ഇഡിയെ പേടിയായതുകൊണ്ട്'; ബ്ലെസി
കൊച്ചി: ആടുജീവിതത്തിന് അവാര്‍ഡ് നിഷേധിച്ചപ്പോള്‍ നിശബ്ദനായത് ഇഡിയെ പേടിയായതുകൊണ്ടെന്ന് സംവിധായകന്‍ ബ്ലെസി. ഇന്ത്യയില്‍ ഇഡിയെ പേടിക്കണമെന്നും ആടുജീവിതത്തിന് അവാര്‍ഡ് നിഷേധിച്ചപ്പോള്‍ നിശബ്ദനായത് ഭയം കൊണ്ടാണെന്നുമാണ് ബ്ലെസി പറഞ്ഞത്. അവാര്‍ഡ് ലഭിക്കാന്‍ കഴിയാത്തതിനു പിന്നിലെ രാഷ്ട്രീയം തുറന്നു കാട്ടാന്‍ കഴിയാത്തതിനു കാരണം ഭയമാണെന്ന് ബ്ലെസി പറഞ്ഞു.
'അവാര്‍ഡ് കിട്ടാത്തതിനോട് പ്രതികരിക്കുന്നത് മാന്യതയല്ല കാരണം അത് ജൂറിയാണ് തീരുമാനിക്കുന്നത്. പക്ഷെ അതിനു പിന്നിലെ രാഷ്ട്രീയം എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. അത് എനിക്കോ മീഡിയയ്‌ക്കോ തുറന്നു കാട്ടാന്‍ കഴിയാത്തതിനു കാരണം ഭയമാണ്. ഒരു സിനിമയില്‍ ഒരു പേരിടുമ്പോള്‍ പോലും നമ്മള്‍ ചരിത്രം പഠിക്കേണ്ടി വരും. ആടുജീവിതത്തിനായി ഒരു കലാകാരന്‍ ഒരു ജീവിതത്തില്‍ അനുഭവിക്കേണ്ട എല്ലാ പ്രയാസങ്ങളിലൂടെയും കടന്നുപോയ ആളാണ് ഞാന്‍. അങ്ങനെ വരുമ്പോള്‍ ആ സിനിമ മോശമാണെന്ന് പറയുമ്പോഴുള്ള ഡിപ്രെഷന്‍ വലുതാണ്'-ബ്ലെസി പറഞ്ഞു.
ഗള്‍ഫില്‍ സൈമ അവാര്‍ഡിനായി പോയപ്പോള്‍ മഹാരാജയെന്ന സിനിമയുടെ സംവിധായകന്‍ അവാര്‍ഡ് ലഭിക്കാതെ പോയപ്പോള്‍ സോഫ്റ്റായിട്ടാണല്ലോ പ്രതികരിച്ചതെന്ന് ചോദിച്ചു. എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ല. സ്വസ്ഥത നഷ്ടമാകും. ഇഡിയുടെ വേട്ടയാടലും പ്രതീക്ഷിക്കാം. ഇങ്ങനെയുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം കലാകാരന്‍മാര്‍ മൗനം പാലിക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നാണ് അദ്ദേഹത്തോട് താന്‍ മറുപടി നല്‍കിയതെന്നാണ് ബ്ലെസി പറയുന്നത്.
ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനു പുറകെ ആടുജീവിതത്തിന് അവാര്‍ഡ് നിഷേധിച്ചതില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തെന്നിന്ത്യയില്‍ നിന്ന് സമര്‍പ്പിച്ച പട്ടികയില്‍ 14 കാറ്റഗറികളില്‍ ആടുജീവിതം ഇടംപിടിച്ചിരുന്നുവെന്നാണ് റിപോര്‍ട്ട്. എന്നാല്‍ ഒരു പുരസ്‌കാരം പോലും ഈ ചിത്രത്തിന് ലഭിച്ചില്ല. പിന്നാലെ ദേശീയ അവാര്‍ഡ് ജൂറിയുടെ നിലപാടില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ചിത്രത്തിലെ നജീബായുള്ള പ്രകടനം പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തിരുന്നു.
