ന്യൂഡല്‍ഹി: ബംഗാളില്‍ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക്കിന്റെ ഓഫീസുകളിലെ ഇഡി റെയ്ഡുകളുമായി ബന്ധപ്പെട്ട കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും സര്‍ക്കാരിനും കനത്ത തിരിച്ചടി. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ബംഗാള്‍ പോലിസ് ഫയല്‍ ചെയ്ത എഫ്‌ഐആറുകളിലെ തുടര്‍നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ജനുവരി എട്ടിലെ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തു. കേസ് അടുത്തമാസം മൂന്നിന് വീണ്ടും പരിഗണിക്കും.
ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്രയും വിപുല്‍ പഞ്ചോളിയും ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്. വിഷയത്തില്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ നിയമവാഴ്ച ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഐ പാക്കിനെതിരായ അന്വേഷണം ബംഗാള്‍ സര്‍ക്കാര്‍ തടസപ്പെടുത്തിയെന്ന ഇഡിയുടെ ഹരജി കോടതി പരിശോധിക്കേണ്ട വളരെ ഗുരുതരമായ പ്രശ്നമാണെന്ന് സുപ്രിംകോടതി നീരീക്ഷിച്ചു. ഗുരുതര കുറ്റകൃത്യങ്ങള്‍ക്കെതിരേയുള്ള അന്വേഷണ ഏജന്‍സികളുടെ സത്യസന്ധമായ നടപടി നിര്‍വഹിക്കുന്നതില്‍ ഏതെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുമോയെന്ന വിഷയം പരിശോധിക്കേണ്ടതാണെന്ന് സുപ്രിംകോടതി പറഞ്ഞു. കേസില്‍ ബംഗാള്‍ സര്‍ക്കാരിനും ഡിജിപിക്കും മറ്റ് പോലിസ് ഉദ്യോഗസ്ഥര്‍ക്കും സുപ്രിംകോടതി നോട്ടീസ് നല്‍കി. രണ്ടാഴ്ചക്കുള്ളില്‍ മറുപടി സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ഐ പാക്ക് ഓഫീസിലെ രേഖകള്‍ ഉള്‍പ്പെടേയുള്ള തെളിവുകള്‍ മമതാ ബാനര്‍ജി മോഷ്ടിച്ചെന്നും ഇഡി കോടതിയില്‍ ആരോപിച്ചു. തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ ഇഡി എന്തുകൊണ്ടാണ് ഇത്രയധികം ഉത്സാഹം കാണിക്കുന്നത് എന്നും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് രേഖകള്‍ ചോര്‍ത്തുകയായിരുന്നു ഇഡിയുടെ ലക്ഷ്യമെന്നും തൃണമൂല്‍ കോണ്‍ഗ്രസും കോടതിയില്‍ വാദിച്ചു. കഴിഞ്ഞ ആഴ്ച കല്‍ക്കരി കള്ളക്കടത്ത് പണമിടപാട് കേസില്‍ കൊല്‍ക്കത്തയിലെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ(ഐ-പാക്)ഓഫീസില്‍ ഇഡി ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളോടൊപ്പം ഇഡി ഉദ്യോഗസ്ഥരെ നേരിട്ടെന്നും, പരിശോധനയ്ക്കിടെ ചില രേഖകള്‍ മുഖ്യമന്ത്രി മാറ്റിയെന്നും ഇത് അന്വേഷണത്തെ തടസപ്പെടുത്തിയെന്നും ഇഡി ആരോപിക്കുന്നു.
