''ഐ ലവ് മുഹമ്മദ്'' വീഡിയോ ചെയ്ത യുവാവിനെ മര്‍ദ്ദിച്ച് ഗോധ്ര പോലിസ്

Update: 2025-09-20 13:31 GMT

ഗോധ്ര: ''ഐ ലവ് മുഹമ്മദ്'' എന്ന വീഡിയോ ചെയ്ത യുവാവിനെ മര്‍ദ്ദിച്ച് ഗുജറാത്തിലെ ഗോധ്ര പോലിസ്. സാക്കിര്‍ ജാബ എന്ന യുവാവാണ് രണ്ടു ദിവസം മുമ്പ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്നാല്‍, വെള്ളിയാഴ്ച രാത്രി ഗോധ്രയിലെ ബി ഡിവിഷന്‍ പോലിസ് സാക്കിറിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. പിന്നീട് തന്നെ പോലിസ് കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചെന്ന് സാക്കിര്‍ വെളിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നു. ഇതോടെ പ്രദേശത്തെ മുസ്‌ലിംകള്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ എത്തി പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പോലിസ് ലാത്തിചാര്‍ജ് നടത്തി. അതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 17 പേരെ അറസ്റ്റ് ചെയ്‌തെന്നും 88 പേര്‍ക്കെതിരെ കേസെടുത്തെന്നും പോലിസ് അറിയിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് യുവാവിനെ വിളിപ്പിച്ചതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും പോലിസ് അവകാശപ്പെട്ടു.

നബിദിനാഘോഷങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മുസ്‌ലിംകള്‍ ഐ ലവ് മുഹമ്മദ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഹിന്ദുത്വരുടെ ആവശ്യപ്രകാരം ഈ സംഭവത്തില്‍ 25 പേര്‍ക്കെതിരേ കാണ്‍പൂര്‍ പോലിസ് കേസെടുത്തു. ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പുതിയ സമ്പ്രദായമാണെന്നും സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുമെന്നുമാണ് പോലിസ് ആരോപിച്ചത്. ഇതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഐ ലവ് മുഹമ്മദ് ബോര്‍ഡുകള്‍ ഉയര്‍ന്നു. എക്‌സില്‍ ഐ ലവ് മുഹമ്മദ് എന്ന ഹാഷ്ടാഗ് ട്രെന്‍ഡ് ആവുകയും ചെയ്തു. ഇന്നലെ ഹൈദരാബാദ് അടക്കം വിവിധ പ്രദേശങ്ങളില്‍ മുസ്‌ലിംകള്‍ ഐ ലവ് മുഹമ്മദ് ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുകയും ചെയ്തു.