'ഐ ലവ് മുഹമ്മദ്' മാര്‍ച്ച് സംഘാടകനെ വെടിവച്ച് യുപി പോലിസ്

Update: 2025-09-30 14:19 GMT

ബറെയ്‌ലി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഐ ലവ് മുഹമ്മദ് ബാനര്‍ സ്ഥാപിച്ചവര്‍ക്കെതിരേ കേസെടുത്തതില്‍ പ്രതിഷേധിച്ച് ബറെയ്‌ലിയില്‍ നടന്ന മാര്‍ച്ചിന് നേതൃത്വം നല്‍കിയ തസ്‌നീമിനെ വെടിവച്ച് യുപി പോലിസ്. തസ്‌നീം നാടന്‍ തോക്ക് ഉപയോഗിച്ച് പോലിസിനെ വെടിവച്ചെന്നും പ്രത്യാക്രമണത്തിലാണ് തസ്‌നീമിന് പരിക്കേറ്റതെന്നും യുപി പോലിസ് പതിവുപോലെ അവകാശപ്പെട്ടു. ഗുണ്ടാ നിയമപ്രകാരമാണ് തസ്‌നീമിനെ ജയിലില്‍ അടച്ചതെന്ന് ബറെയ്‌ലി എസ്പി പറഞ്ഞു. നിലവില്‍ ബറെയ്‌ലിയില്‍ മാത്രം 72 പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്ത മൗലാന തൗഖീര്‍ റസയും ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ 10 കേസുകളിലായി 2,500 പേരെയാണ് പോലിസ് പ്രതിയാക്കിയിരിക്കുന്നത്. കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത മൗലാന മുഹ്‌സിന്‍ റസയുടെ വീട് ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ കൊണ്ടുവന്ന് തകര്‍ക്കുകയും ചെയ്തു. മൗലാന തൗഖീര്‍ റസയുമായി ബന്ധപ്പെട്ട എട്ട് കെട്ടിടങ്ങള്‍ പൊളിക്കാനും ജില്ലാ ഭരണകൂടം തീരൂമാനിച്ചു. ബറെയ്‌ലിയിലെ പഴയ കോട്‌വാലി മാര്‍ക്കറ്റ് പോലിസ് പൂട്ടിച്ചിട്ടുമുണ്ട്.