'മുഖ്യമന്ത്രി എങ്ങനെയുള്ള കമ്മ്യൂണിസ്റ്റാണെന്ന് തനിക്കറിയാം'; വെള്ളാപ്പള്ളിയുടേത് വ്യക്തിപരമായ അഭിപ്രായമെന്ന് എം എ ബേബി
തിരുവനന്തപുരം: മുഖ്യമന്ത്രി എങ്ങനെയുള്ള കമ്മ്യൂണിസ്റ്റാണെന്ന് തനിക്കറിയാമെന്ന് സിപിഎം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും എം എ ബേബി പറഞ്ഞു. മുഖ്യമന്ത്രി ഭക്തനാണെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്‍ പുലര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ എന്താണെന്ന് നേരിട്ടു അറിയാവുന്ന വ്യക്തികളിലൊരാളാണ് താന്‍ എന്നും എംഎ ബോബി പറഞ്ഞു. തന്റെ അയ്യപ്പസംഗമത്തെകുറിച്ചുള്ള ഹിന്ദുവിന് കൊടുത്ത ലേഖനം പാര്‍ട്ടിപത്രമായ ദേശാഭിമാനി തെറ്റായ രീതീയില്‍ പരിഭാഷപ്പെടുത്തി എന്നും അദ്ദേഹം വ്യക്തമാക്കി.
അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകവെയാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രി ഭക്തനാണെന്ന് പറഞ്ഞത്. മുഖ്യമന്ത്രിക്കൊപ്പമാണ് വെള്ളാപ്പള്ളി നടേശന്‍ അയ്യപ്പസംഗമത്തിനെത്തിയത്.
ആദര്‍ശത്തിന് വേണ്ടി നിരീശ്വരത്വം പറയുമെങ്കിലും അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണ്. പിണറായി തന്നെ രണ്ട് തവണ ഇവിടെ വന്നിട്ടുണ്ട്. മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷംപേരും ഭക്തന്മാരാണ്. ഭക്തനല്ലെങ്കില്‍ അദ്ദേഹത്തിന് ഇവിടെ വരാന്‍ സാധിക്കുമോ. ഇവര്‍ക്കൊക്കെ മനസ്സില്‍ ഭക്തിയുണ്ടെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
ഇടതുപക്ഷത്ത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യത പിണറായി വിജയന് മാത്രമേയുള്ളൂവെന്നും വേറെയാരും മുഖ്യമന്ത്രിയാക്കിയിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എല്ലാത്തിനേയും മെരുക്കിക്കൊണ്ട് പോകാനുള്ള ശക്തി പിണറായിക്കുള്ളത് പോലെ ഇടതുപക്ഷത്ത് മറ്റാര്‍ക്കുമില്ല. അപ്പുറത്ത് യുഡിഎഫില്‍ തമ്മിലടിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
