'എല്ലാവരുടേയും പിന്തുണ കിട്ടി'; ലത്തീന്‍ സഭ ഇടപെട്ടെന്ന പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് മേയര്‍ വി കെ മിനിമോള്‍
കൊച്ചി: മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭ ഇടപെട്ടെന്ന പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് മേയര്‍ വി കെ മിനിമോള്‍. തനിക്ക് എല്ലാവരുടേയും പിന്തുണ കിട്ടിയെന്നും നേരത്തെ നടന്നത് വൈകാരികമായി പറഞ്ഞതാണെന്നും വി കെ മിനിമോള്‍ പറഞ്ഞു. എല്ലാ സംഘടനകളും വ്യക്തികളും സഹായിച്ചു. പാര്‍ട്ടി പരിഗണിച്ചത് തന്റെ സീനിയോരിറ്റിയും കഴിവുമാണെന്നും അനര്‍ഹതയുടെ പ്രശ്‌നമില്ലെന്നും വി കെ മിനിമോള്‍ പറഞ്ഞു.
കൊച്ചിയില്‍ നടന്ന കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ജനറല്‍ അസംബ്ലിയിലായിരുന്നു മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭ ഇടപെട്ടെന്ന് മേയര്‍ വി കെ മിനിമോള്‍ പറഞ്ഞത്. മേയര്‍ പദവി തനിക്ക് ലഭിക്കുന്നതിനായി പിതാക്കന്മാര്‍ സംസാരിച്ചുവെന്നും അര്‍ഹയ്ക്ക് അപ്പുറം തനിക്ക് സമാനിച്ചുവെന്നുമായിരുന്നു മിനിമോള്‍ നേരത്തെ പറഞ്ഞത്.
അതേസമയം വി കെ മിനിമോളുടെ പ്രതികരണത്തിനു പിന്നാലെ ദീപ്തി മേരി വര്‍ഗീസും രംഗത്തെത്തിയിരുന്നു. ആര്‍ക്കെങ്കിലും പ്രത്യേക പരിഗണന നല്‍കുന്നത് ഭരണഘടന വിരുദ്ധമെന്ന് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. കൊച്ചി മേയറായി വി കെ മിനിമോളുടെ വിജയത്തിന് സഭയും സഹായിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. ദീപ്തി മേരി വര്‍ഗീസ്, വി കെ മിനി മോള്‍, ഷൈനി മാത്യു എന്നി പേരുകളാണ് ആദ്യ ഘട്ടത്തില്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. മേയര്‍ സ്ഥാനം ലത്തീന്‍ സമുദായത്തില്‍ നിന്ന് വേണമെന്ന് ആവശ്യം ഉയര്‍ന്നതോടെ ചര്‍ച്ച വി കെ മിനിമോളിലും ഷൈനി മാത്യുവിലും ഒതുങ്ങി. കെപിസിസിയുടെ മാനദണ്ഡം അട്ടിമറിക്കപ്പെട്ടു എന്ന ദീപ്തിയുടെ പരാതി നേതൃത്വത്തിന് മുന്നിലുള്ളപ്പോഴാണ് മേയര്‍ പദവിക്കായി സഭ ഇടപെട്ടു എന്ന വി കെ മിനിമോളിന്റെ പരസ്യ പ്രതികരണം വന്നത്.
