'കൊറിയക്കാരെ മാത്രമേ വിവാഹം കഴിക്കൂ എന്ന ആഗ്രഹം സാധിക്കില്ലെന്ന് തോന്നുന്നു പപ്പാ'; ഒന്‍പതാം നിലയില്‍ നിന്ന് ചാടി മരിച്ച മൂന്ന് സഹോദരിമാരുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്
ഗാസിയാബാദ്: ഗാസിയാബാദില്‍ ഒന്‍പതാം നിലയില്‍ നിന്ന് ചാടി മരിച്ച മൂന്ന് സഹോദരിമാരുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്. 'കെ-പോപ്പിനോടുള്ള ഞങ്ങളുടെ സ്‌നേഹത്തിന്റെ തെളിവാണിത്' എന്നാണ് പെണ്‍കുട്ടികള്‍ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. തങ്ങളുടെ വ്യക്തിപരമായ താല്പര്യങ്ങള്‍ വീട്ടുകാര്‍ മനസ്സിലാക്കാത്തതിലുള്ള കടുത്ത മാനസിക വിഷമവും കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെയാണ് 12, 14, 16 വയസ്സുള്ള മൂന്ന് സഹോദരിമാര്‍ ഫ്‌ലാറ്റില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയത്. ഒരു കൊറിയന്‍ ഓണ്‍ലൈന്‍ ടാസ്‌ക് ഗെയിമാണ് മരണകാരണമെന്നായിരുന്നു ആദ്യ റിപോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് നടന്ന പരിശോധനയില്‍ കൊറിയന്‍ സിനിമകളോടും സംഗീതത്തോടുമുള്ള അമിതമായ ആസക്തിയാണ് മരണകാരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പല പേജുകളിലായി എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ അച്ഛനോട് ആവര്‍ത്തിച്ച് ക്ഷമ ചോദിക്കുന്നുണ്ട്. 'കൊറിയന്‍ ലവര്‍ ഗെയിം' എന്നത് ഒരു തീം അടിസ്ഥാനമാക്കിയ ടാസ്‌ക് അധിഷ്ഠിത ഓണ്‍ലൈന്‍ റൊമാന്റിക് ഗെയിം ആണ്.
'ഞങ്ങള്‍ കൊറിയന്‍ പോപ്പ് സംഗീതത്തെ അഗാധമായി സ്‌നേഹിച്ചു, ദയവായി ക്ഷമിക്കണം. അത് ഞങ്ങള്‍ക്ക് എത്രത്തോളം പ്രധാനമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ ലോകം മറ്റെന്തിനേക്കാളും വലുതായിരുന്നു,' എന്ന് കുറിപ്പില്‍ പങ്കുവയ്ക്കുന്നുണ്ട്.
ഇന്ത്യക്കാരനെ വിവാഹം കഴിക്കേണ്ടി വരുമോ എന്ന ചിന്ത തങ്ങളെ തളര്‍ത്തിയിരുന്നുവെന്നും കൊറിയക്കാരെ മാത്രമേ വിവാഹം കഴിക്കൂ എന്ന ആഗ്രഹം സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് കാരണമായെന്നും കുറിപ്പില്‍ പറയുന്നു.കൊറിയന്‍ സംസ്‌കാരത്തോടുള്ള അമിതമായ താല്പ്പര്യം കാരണം പെണ്‍കുട്ടികള്‍ പുറംലോകവുമായി ബന്ധമില്ലാതെയാണ് ജീവിച്ചിരുന്നതെന്ന് പോലിസ് പറയുന്നു.
