'വര്‍ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും യോജിപ്പില്ല'; സജി ചെറിയാന്റെ വിവാദ പ്രസ്ഥാവനയില്‍ എം വി ഗോവിന്ദന്‍
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വര്‍ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ല. വര്‍ഗീയതക്കെതിരേ രാജ്യത്ത് തന്നെ അതിശക്തമായി നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. സിപിഎമ്മിനെ കടന്നാക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഒരു വര്‍ഗീയ പരാമര്‍ശവും സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സജി ചെറിയാന്റെ വിവാദ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. എന്നാല്‍ സജി ചെറിയാനെതിരേ വിമര്‍ശനം ഉന്നയിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സജി ചെറിയാനെ കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് വര്‍ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പിച്ചില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. വി ഡി സതീശന് ജമാഅത്തെ ഇസ്ലാമിയുമായി ചേരുന്നതില്‍ യാതൊരു മടിയുമില്ല. സവര്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ പോയി നമസ്‌കരിക്കുന്നയാളാണ് വി ഡി സതീശനെന്നും അദ്ദേഹം പറഞ്ഞു.
'വര്‍ഗീയയുടെ ഏറ്റവും വലിയ വക്താക്കള്‍ വര്‍ഗീയയ്ക്കെതിരേ ഗീര്‍വാണ പ്രസംഗം നടത്തുകയാണ്. വര്‍ഗീയയ്ക്കെതിരേ നില്‍ക്കുന്ന ഏറ്റവും വലിയ സംഘടനയായ സിപിഎമ്മിനെ ബോധപൂര്‍വ്വം കടന്നാക്രമിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതൊന്നും കേരളത്തില്‍ വിലപോവില്ല. ആര്‍എസ്എസിനോടും വര്‍ഗീയതയോടും മല്ലടിച്ച് മുന്നോട്ടു വന്ന പ്രസ്ഥാനമാണിത്. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയ്ക്കെതിരേ പോരാടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടി സിപിഎമ്മാണ്' ഗോവിന്ദന്‍ പറഞ്ഞു.