'താനൊരു രാഷ്ട്രീയ മാറ്റത്തിനും തയ്യാറല്ല, കെ സുധാകരന്‍ വന്നത് രോഗവിവരം അറിയാന്‍'; സി കെ പി പത്മനാഭന്‍

കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി സിപിഎം മുന്‍ എംഎല്‍എ സി കെ പി പത്മനാഭന്‍

Update: 2026-01-14 14:43 GMT

കണ്ണൂര്‍: താന്‍ കോണ്‍ഗ്രസിലേക്കില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സി കെ പി പത്മനാഭന്‍. താന്‍ കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്നത് വ്യാജ വാര്‍ത്തയാണ്. കെ സുധാകരന്‍ വീട്ടില്‍ വന്നത് തന്റെ രോഗവിവരമറിയാന്‍ മാത്രമാണ്. രാഷ്ട്രീയ കാര്യങ്ങളൊന്നും അന്ന് സംസാരിച്ചിരുന്നില്ല. താനൊരു രാഷ്ട്രീയമാറ്റത്തിനും തയ്യാറല്ലെന്നും സി കെ പി വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ വീട്ടിലെത്തി സന്ദര്‍ശിച്ച ചിത്രങ്ങളോടൊപ്പം സി കെ പി പാര്‍ട്ടി വിടുന്നെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും നിഷേധിച്ചിരിക്കുകയാണ് അദ്ദേഹം.

കെ സുധാകരന്‍ തന്നെ സന്ദര്‍ശിച്ചിരുന്നു. രോഗവസ്ഥയെ കുറിച്ച് സംസാരിച്ചു. നടന്നത് വ്യക്തിപരമായ സന്ദര്‍ശനവും സംഭാഷണവുമാണ്. കെ സുധാകരന്‍ വീട്ടില്‍ വന്നപ്പോള്‍ അന്വേഷിച്ചത് രോഗവിവരം മാത്രമെന്നും രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും കൂട്ടത്തില്‍ ഉണ്ടായിരുന്നവര്‍ എടുത്ത ഫോട്ടോയാണ് പ്രചരിപ്പിച്ചത്. ആരാണ് വ്യാജ വാര്‍ത്തക്കു പിന്നിലെന്ന് സഖാക്കള്‍ കണ്ടെത്തണം. പാര്‍ട്ടിയുടേതായ അംഗീകാരം തനിക്കുണ്ട്, വിമര്‍ശനങ്ങളും ഉണ്ട്. വ്യാജ വാര്‍ത്തയുടെ ഉറവിടം കണ്ടെത്താന്‍ നിയമനടപടിയിലേക്ക് പോകേണ്ടി വരുമെന്നും സി കെ പി പത്മനാഭന്‍ പ്രതികരിച്ചു.

സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി കെ പി കഴിഞ്ഞ കുറേ നാളുകളായി പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2006 മുതല്‍ 2011 വരെ തളിപ്പറമ്പ് എംഎല്‍എയായിരുന്നു. പിന്നീട്, പി ശശിക്കെതിരേ സ്വഭാവദൂഷ്യത്തിന് പാര്‍ട്ടി നേതാക്കള്‍ക്ക് പരാതി നല്‍കിയതിനു പിന്നാലെ 2011ല്‍ ഇദ്ദേഹത്തെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയായിരുന്നു. മാടായി ഏരിയ കമ്മിറ്റിയില്‍ പിന്നീട് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ സമ്മേളനത്തില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

Tags: