'ഞാന്‍ ഈമാനുള്ള കമ്മ്യൂണിസ്റ്റ്, ജയിലില്‍ പോയാല്‍ ഖുര്‍ആന്‍ വായിച്ച് തീര്‍ക്കും'; ഖുര്‍ആന്‍ ഉയര്‍ത്തി എ കെ ബാലന്‍
തിരുവനന്തപുരം: ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് സിപിഎം നേതാവ് എ കെ ബാലന്‍. ജയിലില്‍ പോകേണ്ടി വന്നാല്‍ ആദ്യം ഖുര്‍ആന്‍ വായിച്ചു തീര്‍ക്കുമെന്നും താന്‍ തൊഴിലാളി വര്‍ഗത്തോട് കൂറുള്ള ആളാണെന്നും എ കെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഖുര്‍ആനിന്റെ മലയാളം പരിഭാഷ ഉയര്‍ത്തിപ്പിടിച്ചായിരുന്നു എ കെ ബാലന്റെ വാര്‍ത്താ സമ്മേളനം.
ജയിലില്‍ പോകേണ്ടി വന്നാല്‍ ഖുര്‍ആന്‍ വായിച്ച് തീര്‍ക്കും. ഖുര്‍ആനില്‍ മുനാഫിക്കുകളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഈമാനുള്ള കമ്മ്യൂണിസ്റ്റാണ് താനെന്നും എ കെ ബാലന്‍ പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ മാറാട് പരാമര്‍ശം താന്‍ തിരുത്തും. ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടിസ് കിട്ടിയെന്നും മാപ്പ് പറയാന്‍ മനസില്ലെന്നുമാണ് എ കെ ബാലന്റെ പ്രതികരണം. കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ഇതിന്റെ പേരില്‍ ജയിലില്‍ പോകണം എന്നാണ് വിധിയെങ്കില്‍ ജയിലില്‍ പോകുമെന്നും എ കെ ബാലന്‍ പറഞ്ഞു. താന്‍ വാ തുറന്നത് കൊണ്ട് എന്റെ പാര്‍ട്ടിക്ക് ഒരു അപകടവും ഉണ്ടായിട്ടില്ല. ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നെന്ന് വ്യാജ വാര്‍ത്ത നല്‍കി. ആ വാര്‍ത്തയുടെ നാഥന്‍ ആരെന്ന് വ്യക്തമാക്കണമെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയാകും അഭ്യന്തര വകുപ്പ് ഭരിക്കുകയെന്നും അത് മറ്റൊരു മാറാട് കലാപത്തിലേക്ക് നയിക്കുമെന്നുമായിരുന്നു ബാലന്‍ പറഞ്ഞത്. പ്രസ്താവന തിരുത്തണമെന്നും മാപ്പുപറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി ജമാഅത്ത് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.