'' ഞാന്‍ ദൈവത്തിന്റെ പ്രവൃത്തിയാണ് ചെയ്തത്,ദൈവികമായ കടമയാണ് അത്'' : സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് നേരെ ചെരുപ്പെറിഞ്ഞ അഭിഭാഷകന്‍
ന്യൂഡല്‍ഹി: ദൈവനിര്‍ദേശ പ്രകാരമാണ് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെ ചെരുപ്പ് എറിഞ്ഞതെന്ന് അഡ്വ.രാകേഷ് കിഷോര്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സുപ്രിംകോടതിയില്‍ കേസില്‍ വാദം കേള്‍ക്കുന്ന സമയത്ത് ചീഫ്ജസ്റ്റിസിന് നേരെ ചെരുപ്പേറുണ്ടായത്. തുടര്‍ന്ന് രാകേഷ് കിഷോര്‍ താമസിക്കുന്ന മയൂര്‍ വിഹാറിലെ റിവര്‍വ്യൂ അപ്പാര്‍ട്ട്‌മെന്റിന് സമീപം പ്രതിഷേധവും നടന്നു. ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്ക്കറുടെ ചിത്രങ്ങളും ഭരണഘടനയുടെ പകര്‍പ്പുകളും കൊണ്ടായിരുന്നു പ്രതിഷേധം. ദലിത് സമുദായത്തില്‍ നിന്നുള്ള ചീഫ്ജസ്റ്റിസിനെ അപമാനിച്ചതില്‍ വലിയ പ്രതിഷേധമാണ് രൂപപ്പെട്ടത്. എന്നാല്‍, താന്‍ ദൈവത്തിന്റെ പ്രവൃത്തിയാണ് ചെയ്തതെന്ന് രാകേഷ് കിഷോര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. '' ദൈവം നിര്‍ദേശിച്ചാല്‍ ഞാന്‍ ഇനിയും പ്രവര്‍ത്തിക്കും.അത് എന്റെ കടമയാണ്.''-രാകേഷ് കിഷോര്‍ വിശദീകരിച്ചു. അക്രമ സ്വഭാവം കാണിച്ചതിന് രാകേഷ് കിഷോറിനെതിരേ അയല്‍വാസികള്‍ മുന്‍കാലങ്ങളില്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നു. അപ്പാര്‍ട്ടമെന്റിലെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ മത-ജാതി വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതിനും ഒരു വയോധികനെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരേ പരാതിയുണ്ടായിരുന്നു.